
കല്ലറ: തോടിനക്കരെയിക്കരെയുള്ള റോഡുകളെ ബന്ധിപ്പിക്കാൻ ഒരു പാലം വേണമെന്ന തെങ്ങുംകോട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് - പാലക്കുഴി റോഡ് സന്ധിക്കുന്നിടവും കഴുകൻ പച്ച റോഡ് തുടങ്ങുന്നിടത്തും താമസിക്കുന്നവരാണ് യാത്രാദുരിതത്തിന് നടുവിലായത്. ഒരു പാലം നിർമ്മിച്ചാൽ ഇരു റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കാം. ഇപ്പോൾ നാലുകിലോമീറ്റർ ചുറ്റിയെത്തേണ്ട സ്ഥാനത്ത് ജനങ്ങൾക്ക് അരകിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകുമെന്നതാണ് ഇതുകൊണ്ടുള്ള ലാഭം. തെങ്ങുംകോട് -പാലക്കുഴി റോഡ് അവസാനിക്കുന്നയിടത്ത് തോടാണ്. ഈ തോട്ടിന്റെ മറുകരയിൽ കഴുകൻ പച്ചയിലേക്ക് പോകുന്ന റോഡ് തുടങ്ങുന്നു. ഈ റോഡുകൾ ഒന്നായാൽ നൂറോളം കുടുംബങ്ങൾക്കാണ് വേഗത്തിൽ തുമ്പോട്,കല്ലറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്താനാകുക.
നിലവിൽ കഴുകൻ പച്ചയിലേക്ക് പോകണമെങ്കിൽ തെങ്ങുംകോട് നിന്ന് കൊടിതൂക്കിയകുന്നിലെത്തി അവിടെ നിന്ന് വരിക്കപ്ലാമൂട് വഴി മാത്രമേ കഴിയൂ. പാലം ഉണ്ടായാൽ ചുറ്റി കറങ്ങലിനു അറുതിയാകും. രണ്ട് വർഷം മുൻപ് എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവിട്ട് തെങ്ങുംകോട് പാലക്കുഴി റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. അതിനു മുൻപേയുള്ള ആവശ്യമാണ് തോടിനു കുറുകെ പാലം നിർമ്മിച്ച് ഇരുസ്ഥലങ്ങളെയും കൂട്ടിയോജിപ്പിക്കണമെന്നത്. രണ്ട് പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം ചെങ്കുത്തായ പ്രദേശവും വയൽ നികത്തിയ സ്ഥലങ്ങളുമാണ്. വാഹനം കടന്ന പോകാൻ തക്ക വലിപ്പവും കരുത്തുമുള്ള പാലവും കലുങ്കും നിർമ്മിക്കണമെങ്കിൽ ലക്ഷങ്ങൾ വകയിരുത്തണം.ഗ്രാമ ഞ്ചായത്ത് മുൻകൈ എടുത്ത് എം.എൽ.എ ഫണ്ടോ എം.പി ഫണ്ടോ കണ്ടെത്തി പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.