
മുടപുരം: റോഡിൽ നേരത്തെ നിർമ്മിച്ച കലുങ്കിനെക്കാളും പാലത്തേക്കാളും വീതികുറച്ച് റോഡിന് നിർമ്മിച്ച സൈഡ് വാൾ പൊളിച്ച് പുതിയ സൈഡ് വാൾ നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. ഒപ്പം റോഡ് മണ്ണിട്ട് നികത്തി ടാർ ചെയ്യണമെന്നാവശ്യവും ഉയരുന്നു. അഴൂർ ഗ്രാമ പഞ്ചായത്തിൽ ചേമ്പുംമൂല നെൽപ്പാടത്തിന് നടുവിലൂടെയാണ് തെങ്ങുംവിള - കവിന്റമൂല റോഡ് കടന്നുപോകുന്നത്.
തെങ്ങുംവിള ക്ഷേത്രത്തിൽ നിന്നും കവിന്റമൂല പോകുന്ന റോഡിൽ നിന്നും മുക്കോണി വഴി കോളിച്ചിറ റോഡിൽ എത്തുന്ന റോഡും നാട്ടുകാർക്ക് ഉപയോഗപ്രദമാണ്.
ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്കും ഈ റോഡ് ഏറെ സൗകര്യപ്രദമാണ്. അനേക വർഷങ്ങൾക്ക് മുൻപ് തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന് മുന്നിൽ നിന്നും കവിന്റമൂലയിലേക്ക് പോകുന്നതിനായി മുക്കോണി തോടിന് കുറുകെ പാലവും നിർമ്മിച്ചു റോഡും നിർമ്മിച്ചു. എന്നാൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് മുക്കോണിപാലം വരെ മാത്രമേ റോഡ് ടാർ ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള ഭാഗം ഇനിയും ടാർ ചെയ്തിട്ടില്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി നേരത്തെ വീതികുറച്ച് റോഡിന് വേണ്ടി നിർമ്മിച്ച സൈഡ് വാൾ പൊളിച്ച് കലുങ്കിന്റെ വീതിക്ക് സൈഡ് വാൾ നിർമ്മിക്കണമെന്നും റോഡ് ടാർ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പുതിയതായി നിലവിൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതിനായി നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.