
തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി തിരഞ്ഞെടുത്തതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിയോജിപ്പ്. കഴിഞ്ഞ ദിവസത്തെ സമിതിയോഗത്തിൽ നെറ്റ് വർക്കിലെ തകരാർ കാരണം അഭിപ്രായം പറയാനായില്ലെന്നും അതിനാൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രി എ.കെ. ബാലനും ഉൾപ്പെട്ട സമിതിയാണ് ഓൺലൈനിൽ യോഗം ചേർന്ന് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്.
വീഡിയോ ലിങ്കിന്റെ നിലവാരമില്ലായ്മയും മോശം നെറ്റ്‌വർക്കും കാരണം നിലപാട് വിശദീകരിക്കാനായില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഐകകണ്ഠ്യേന തിരഞ്ഞെടുത്തെന്നാണ് വാർത്ത പ്രചരിച്ചത്. അതു ശരിയല്ല.
ജലവിഭവ വകുപ്പിലെ ചില പദ്ധതികൾക്ക് അന്താരാഷ്ട്ര കൺസൾട്ടൻസികളെ ക്രമരഹിതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട് വിശ്വാസ് മേത്തയ്ക്കെതിരെ വിജിലൻസിന് താൻ പരാതി നൽകിയിട്ടുണ്ട്. കുറ്റമറ്റ ആത്മാർത്ഥതയും തെറ്റുപറ്റാത്ത സ്വഭാവവുമുള്ള വ്യക്തിയെ മാത്രമേ ഈ സുപ്രധാന പദവിയിൽ നിയമിക്കാൻ പാടുള്ളൂ.യോഗത്തിന്റെ മിനിട്സിൽ വിയോജനക്കുറിപ്പ് ശരിയായി രേഖപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.