kids-food

ആദ്യനാളുകളിൽ കുഞ്ഞിന് നൽകുന്ന ആഹാരത്തിൽ വലിയ ശ്രദ്ധ ആവശ്യമാണ്. ചില ആഹാരങ്ങൾ കുഞ്ഞുങ്ങളിൽ അലർജിയുണ്ടാക്കും.

ചുവന്ന പാടുകൾ അല്ലെങ്കിൽ ചെറിയ കുരുക്കൾ ശരീരത്തിൽ കാണുക,​ ഛർദ്ദി,​ വയറിളക്കം,​ മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അലർജിയാണെന്ന് ഉറപ്പിക്കാം. ആ ആഹാരം കുഞ്ഞിന് കൊടുക്കുകയുമരുത്. അലർജി ലക്ഷണങ്ങൾ കൂടുതലായി കണ്ടാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കണം.

ആദ്യനാളിലെ

ആഹാരങ്ങൾ

 ധാന്യങ്ങൾ : കൂവരക്, അരി, നുറുക്ക് ഗോതമ്പ്.

 പഴവർഗ്ഗങ്ങൾ : ഏത്തപ്പഴം, ആപ്പിൾ.

 പച്ചക്കറികൾ : കാരറ്റ്, ഉരുളക്കിഴങ്ങ്, മത്തങ്ങ, വെള്ളരിക്ക.

 പയറുവർഗ്ഗങ്ങൾ : മഞ്ഞ പരിപ്പ് ,ചെറുപയർപരിപ്പ്.

ഇവ നന്നായി വേവിച്ച് ഉടച്ച് കുഞ്ഞിന് നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ആഹാരത്തിനോടൊപ്പം ഒന്നോ രണ്ടോ തുള്ളി നെയ്യ് ചേർത്ത് കൊടുക്കുന്നത് കുഞ്ഞിന് തൂക്കം കൂട്ടാൻ സഹായിക്കും. കുഞ്ഞിന്റെ ആഹാരത്തിൽ മധുരം ചേർക്കേണ്ട ആവശ്യമില്ല. കാരണം, കുഞ്ഞുങ്ങൾക്ക് മധുരത്തിന്റെ രുചി അറിയില്ലല്ലോ. നമ്മൾ ആഹാരം ഏത് രീതിയിലാണോ കൊടുക്കുന്നത് ആ രുചിയോട് കുഞ്ഞ് ശീലമാകും. മധുരം കൊടുക്കുന്നുണ്ടെങ്കിൽ പനംകൽക്കണ്ടം ആല്ലെങ്കിൽ കരുപ്പെട്ടി കൊടുക്കാവുന്നതാണ്. പഞ്ചസാര ഒഴിവാക്കുക. ഒരേ ഇനം ആഹാരപദാർത്ഥം കുറേനാൾ അടുപ്പിച്ച് കൊടുക്കുന്നത് കുഞ്ഞുങ്ങൾക്ക്

മടുപ്പുവരാൻ കാരണമാകും. അതിനാൽ ആഹാരത്തിൽ മാറ്റം വരുത്തി കൊടുക്കാൻ ശ്രദ്ധിക്കണം.

ഏഴുമാസം പ്രായമാകുമ്പോൾ രണ്ട് തരം ആഹാരങ്ങൾ ഒരുമിച്ച് കൊടുക്കാവുന്നതാണ്. ഉദാഹരണമായി ചോറും പരിപ്പും, ചോറും കാരറ്റും. കുഞ്ഞുങ്ങൾക്ക് എപ്പോഴും വീട്ടിൽ പാകം ചെയ്യുന്ന ആഹാരം കൊടുക്കുന്നതാണ് ഉത്തമം. കുഞ്ഞിനുള്ള ആഹാരം പാകം ചെയ്യുന്നതിനായി പുതിയ പാത്രം ഉപയോഗിക്കുക. കുഞ്ഞിന് ആഹാരം കൊടുക്കുന്ന പാത്രം നല്ലപോലെ കഴുകി 15 മിനിറ്റ് ചൂടുവെള്ളത്തിൽ ഇറക്കിവച്ച ശേഷം ഉപയോഗിക്കുക. കുഞ്ഞിന് ആഹാരം കൊടുത്തു തുടങ്ങുമ്പോൾ വെള്ളവും കൊടുത്തു തുടങ്ങാം. ആഹാരം കൊടുത്തതിനു ശേഷം 1-2 ചെറിയ സ്പൂൺ തിളപ്പിച്ചാറിയ വെള്ളം കുഞ്ഞിന് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്നത് കുഞ്ഞിന്റെ ദാഹം മാറാനും വായ് വൃത്തിയാകാനും സഹായിക്കും.

എൽ.ബി. ഷീൻ

ചൈൽഡ് ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്

എസ്. യു. ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം