
തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ തമിഴ്നാടിന് പുതിയ ഒൻപത് റെയിൽവേ ലൈനുകൾ. കേരളത്തിന് രണ്ട്. പാത ഇരട്ടിപ്പ് കേരളത്തിൽ ഏഴ്. തമിഴ്നാട്ടിൽ 14. കേരളത്തിലെ പദ്ധതികൾക്ക് ആകെ തുക 8,999 കോടി രൂപ. തമിഴ്നാടിന് 30,961 കോടി രൂപ.
കേരളത്തിന് അവഗണന എന്ന പതിവ് ആക്ഷേപം ഉന്നയിക്കാമെങ്കിലും പദ്ധതികൾക്കു വേണ്ടി സംസ്ഥാന സർക്കാരോ ജനപ്രതിനിധികളോ കാര്യമായി ശ്രമിക്കാത്തതാണ് കാരണം.
തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിനൊപ്പം നേമം പദ്ധതിയും യാഥാർത്ഥ്യമാക്കുമെന്നും അതിനായി റെയിൽവേ പണം കണ്ടെത്തുമെന്നുമുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനത്തിനു പിന്നിൽ മലയാളിയായ ജനറൽ മാനേജർ ജോൺ തോമസാണ്. അദ്ദേഹം ജനറൽ മാനേജരായ ശേഷം സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കുന്നുണ്ട്.
തമിഴ്നാട് സർക്കാർ സെപ്തംബറിൽ തന്നെ റെയിൽവേ പദ്ധതികൾ സംബന്ധിച്ച് വിശദമായ കത്ത് റെയിൽവേ മന്ത്രാലയത്തിനു നൽകിയിരുന്നു. രാമേശ്വരം - ധനുഷ്കോടി പാതയ്‌ക്കുൾപ്പെടെ പണം ലഭിച്ചത് അങ്ങനെയാണ്.
കഴിഞ്ഞവർഷം ദക്ഷിണ റെയിൽവേക്ക് കേന്ദ്ര ബഡ്‌ജറ്റിൽ അനുവദിച്ച തുക ഏതാണ്ട് മുഴുവനും തമിഴ്നാട് തട്ടിയെടുത്തിരുന്നു. അന്ന് പാത ഇരട്ടിപ്പിന് തമിഴ്നാടിന് 8500.8 കോടി കിട്ടിയപ്പോൾ കേരളത്തിന് 106.95 കോടി മാത്രമായിരുന്നു.
കിട്ടിയത്
തമിഴ്‌നാടിന്
9 പുതിയ ലൈനുകൾ- 871 കി.മീ, 11,988 കോടി
4 ഫോർഗേജ് കൺവെർഷൻ- 839 കി.മീ, 4,788 കോടി
പാത ഇരട്ടിപ്പ് 1,418 കി.മീ, 14,174 കോടി
കേരളത്തിന്
രണ്ട് പുതിയ ലൈൻ- 146 കി.മീ, 3,293 കോടി
പാത ഇരട്ടിപ്പ്- 312 കി.മീ, 5,506 കോടി