
തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതിനെതിരെ റാങ്ക് പട്ടികയിലെ മൂന്നാമൻ വി.ഹിക്മത്തുള്ള സർക്കാരിനും ഗവർണർക്കും പരാതി നൽകി. അധികയോഗ്യതയുള്ള തന്നെ മറികടന്നാണ് നിയമനം നൽകിയതെന്നാണ് പരാതി. നിയമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നാണ് ആവശ്യം.
റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് കാട്ടി ഇന്റർവ്യൂ ബോർഡിലെ വിദഗ്ദ്ധരായ ഡോ. ഉമർ തറമേൽ, കെ.എം. ഭരതൻ, പി. പവിത്രൻ എന്നിവർ സർവകലാശാലയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്നുപേരും വ്യക്തമാക്കുന്നു. ഡോ. ഉമർ തറമേലാണ് ഫേസ് ബുക്കിലൂടെ ആരോപണം ആദ്യം ഉന്നയിച്ചത്. പി.എസ്.സി 2017ൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ 212ാം റാങ്കുകാരി മാത്രമായിരുന്നു നിനിതയെന്നാണ് ആക്ഷേപം. മലയാളം അസി.പ്രൊഫസർ തസ്തികയിലേക്ക് 21ന് സിൻഡിക്കറ്റ് അംഗീകരിച്ച റാങ്ക് പട്ടികയിൽ നിനിതയാണ് മുസ്ലിം സംവരണ ക്വോട്ടയിൽ ഒന്നാമതെത്തിയത്.
യു.ജി.സി ചട്ടപ്രകാരം വിഷയവിദഗ്ധരാണ് യോഗ്യതയുള്ളവരെ കണ്ടെത്തി മാർക്കിടേണ്ടത്. ആ പട്ടിക അവഗണിച്ച് നിയമനം നടത്തിയെന്ന് കണ്ടെത്തിയാൽ സർവകലാശാല വെട്ടിലാകും. നിയമ നടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.