
തിരുവനന്തപുരം: ജൈവകൃഷി രംഗത്തെ പുതിയ കണ്ടെത്തലിനുള്ള ഇൻസ്പയർ അവാർഡ് ലഭിച്ച സർക്കാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രവന്തി കൃഷി വകുപ്പിന്റെ വൈഗ അഗ്രിഹാക്കത്തണിൽ മാറ്റുരയ്ക്കും. ജഗതി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രവന്തിയാണ് ഇരട്ട സഹോദരി പ്രസന്തിക്കൊപ്പം ജൈവകൃഷിയിലെ പുതുമാതൃക അവതരിപ്പിക്കാനായി ഈ മാസം 10 ന് തൃശൂരിലേക്ക് വണ്ടി കയറുന്നത്. ആന്ധ്രാപ്രദേശിൽ നിന്നും ഉപജീവനാർത്ഥം തിരുവനന്തപുരത്തെത്തിയ വെങ്കിടേശ്വര റാവുവിന്റെയും പത്മയുടെയും മകളാണ് ശ്രവന്തി. കൃഷിക്ക് സാധാരണ ഉപയോഗിക്കുന്ന ഗ്രോബാഗിന് പകരം കരിയിലകളും ചകിരിയും പ്രത്യേക അനുപാതത്തിൽ മിശ്രിതമാക്കി രൂപപ്പെടുത്തിയെടുത്ത ബാഗിനാണ് അവാർഡ് ലഭിച്ചത്. ഈ മാതൃക വിജയകരമായി പൂർത്തിയാക്കുന്നതിനായി അവാർഡിനൊപ്പം 10,000 രൂപ ശ്രവന്തിക്ക് ലഭിച്ചിരുന്നു. കാർഷിക രംഗത്തെ നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനായി സംസ്ഥാനത്താകെ 25 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വൈഗ അഗ്രിഹാക്കത്തണിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ജില്ലയിലെ സർക്കാർ സ്‌കൂളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് ഈ ഇരട്ട സഹോദരിമാർ. ഗ്രൂപ്പ് മത്സരമായതിനാൽ ഇരട്ടസഹോദരി പ്രസന്തിക്കൊപ്പമാണ് ശ്രവന്തി മത്സരത്തിൽ പങ്കെടുക്കുക. ലാൻട്രി തൊഴിലാളിയായ വെങ്കിടേശ്വരറാവു പത്തുവർഷം മുൻപാണ് കുടുംബത്തോടൊപ്പം കഴക്കൂട്ടത്ത് എത്തിയത്. അതുമുതൽ ഇരുവരും ജഗതി സ്‌കൂളിലാണ് പഠിക്കുന്നത്. മലയാളം പഠിച്ചതും അതിനു ശേഷമാണ്. ഇരുവരുടെയും വിജയത്തിൽ സന്തോഷത്തിലാണ് അദ്ധ്യാപകർ. അഗ്രി ഹാക്കത്തണിൽ ഇവർ ഒന്നാം സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ. കൃഷി മേഖലയിലെ നവീന ആശയങ്ങൾ കണ്ടെത്താൻ നടത്തുന്ന മത്സരമാണ് അഗ്രി ഹാക്കത്തൺ.