
കോട്ടയം: സി.ബി.ഐ അന്വേഷണത്തിൽ വ്യാജതെളിവുകൾ കാറ്റിൽ പറന്നു. നെടുങ്കണ്ടം പൊലീസിന്റെ കിരാതമർദ്ദനങ്ങൾക്ക് ഇരയായി മരിച്ച വാഗമൺ കൊലാഹലമേട് സ്വദേശി രാജ്കുമാറിന്റെ (49) കസ്റ്റഡിമരണക്കേസിൽ ആദ്യം അറസ്റ്റിലായ എസ്.ഐ കെ.എ സാബു ഉൾപ്പെടെ ആറ് പൊലീസുകാരും ഒരു ഹോംഗാർഡും പ്രതിലിസ്റ്റിലായതിനു പുറമെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പേർ കൂടി സി.ബി.ഐ പ്രതിലിസ്റ്റിലാക്കി. കൂടാതെ മൂന്ന് പൊലീസ് ഉന്നതർക്കെതിരെ അന്വേഷണം തുടരുകയാണ്. ഇവരും പ്രതികളുടെ ലിസ്റ്റിലാവുമെന്നാണ് സൂചന. ഇന്നലെ സി.ബി.ഐ സ്പെഷ്യൽ ക്രൈംബ്രാഞ്ചാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലക്കുറ്റം ഉൾപ്പെടെയുള്ള ചാർജുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന്ആവർത്തിച്ച് പറഞ്ഞിരുന്ന അന്നത്തെ ജില്ലാ പൊലീസ് ചീഫ് കെ.ബി. വേണുഗോപാൽ, ഡിവൈ.എസ്.പി മാരായ പി.കെ ഷംസ്, അബ്ദുൾ സലാം എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. എസ്.പിക്ക് സംഭവത്തെക്കുറിച്ച് അറിയാമെന്നും യഥാസമയം എസ്.ഐ സാബു വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചിരുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ച് ഡിവൈ.എസ്.പി മാരും സി.ബി.ഐക്ക് മൊഴി നല്കിയിരുന്നു.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് സംഭവബഹുലമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതേ തുടർന്നാണ് എസ്.ഐ ഉൾപ്പെടെ ആറ് പൊലീസ് ഓഫീസർമാരും ഒരു ഹോംഗാർഡും അറസ്റ്റിലായത്. സി.ബി.ഐ അന്വേഷണത്തിലാണ് വനിതാ സിവിൽ പൊലീസ് ഓഫീസർ ഗീതു ഗോപിനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ലൂക്കോസ് എന്നിവർ പ്രതിസ്ഥാനത്തായത്.
രാജ്കുമാറിന്റെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിക്കും കിരാത മർദ്ദന മുറകൾ നേരിടേണ്ടിവന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്. ഗീതുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാരിയെ മർദ്ദനത്തിന് വിധേയമാക്കിയത്.
നെടുങ്കണ്ടം എസ്.ഐ കെ.എ സാബു, എ.എസ്.ഐ മാരായ സി.ബി റെജിമോൻ, റോയി പി.വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ്.നിയാസ്, ജിതിൻ കെ.ജോർജ്, സീനിയർ സിവിൾ പൊലീസ് ഓഫീസർ സജീവ് ആന്റണി, ഹോംഗാർഡ് കെ.എം ജയിംസ് എന്നിവരാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്.
2019 ജൂൺ 12നാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ് ജൂൺ 15നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാൻഡിലായിരിക്കെ ജൂൺ 21ന് രാജ്കുമാർ മരിച്ചു.
കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചതെന്നായിരുന്നു ആദ്യറിപ്പോർട്ട്. എന്നാൽ, പീന്നീട് മർദ്ദനമേറ്റിരുന്നതായി സർക്കാർ നിയോഗിച്ച ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കണ്ടെത്തിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ 22 പരിക്കുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ അടക്കം ചെയ്ത 37 ദിവസങ്ങൾക്കുശേഷം മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ രണ്ടാമത് നടത്തിയ പോസ്റ്റുമോർട്ടത്തിൽ മുപ്പതിലധികം പരിക്കുകളാണ് കണ്ടെത്തിയത്. ഉരുട്ടൽ പോലെയുള്ള കിരതമർദ്ദനത്തിന് ഇടയാകുംപോലെയുള്ള മർദ്ദനമുറകൾക്ക് വിധേയമായ രാജ്കുമാറിന്റെ കാലിലെ മസിലുകൾ എല്ലിൽനിന്നും വേർപെട്ട നിലയിലായിരുന്നുവെന്നും കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.