
തിരുവനന്തപുരം: വിവാദമായ സ്‌പ്രിൻക്ലർ കരാർ പരിശോധിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് പഠിക്കുന്ന മൂന്നംഗ കമ്മിറ്റിയുടെ ചെയർമാൻ കെ. ശശിധരൻ നായർക്ക് മാസം 75,000 രൂപ വേതനം അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. മാധവൻ നമ്പ്യാർ കമ്മിറ്റി, കരാറിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
മുൻ നിയമവകുപ്പ് സെക്രട്ടറിയും മുൻ ജില്ലാ ജഡ്ജിയുമായ ശശിധരൻ നായർക്ക് പുറമേ ഹൈദരബാദിലെ ജെ.എൻ.ടി.യു.എച്ച് എൻജിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ വിരമിച്ച ഡോ.എ. വിനയ ബാബു, തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. സുമേഷ് ദിവാകരൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. പ്രൊഫ. സുമേഷ് ദിവാകരന് സിറ്റിംഗ് ഫീസായി 3000 രൂപയും അനുവദിച്ചു. ഡോ. വിനയ ബാബുവിന്റെ വേതനം കമ്മിറ്റി ചെയർമാന്റെ ശുപാർശ ലഭിച്ച ശേഷം തീരുമാനിക്കും.
ശശിധരൻ നായർ നിയമ പരിഷ്‌കാര കമ്മിഷൻ ചെയർമാനായതിനാൽ കമ്മിഷന്റെ ഓഫീസ് സ്പ്രിൻക്ലർ പരിശോധനാ സമിതിക്കും ഉപയോഗിക്കാം. ഓഫീസിലെ ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് 7500 രൂപയും ഓഫീസ് അറ്റൻഡന്റിന് 5000 രൂപയും മാസവേതനം അനുവദിച്ചു. കമ്മിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിയമവകുപ്പിൽ നിന്ന് വിരമിച്ച ഒരു സ്പെഷ്യൽ സെക്രട്ടറിയെ കൺസൾട്ടന്റായി നിയോഗിക്കാനും നിർദ്ദേശിച്ചു.