
ജി. വി. രാജ അവാർഡ് വിതരണം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്സ് കൗൺസിലിൽ നിലവിലുള്ള ഒഴിവുകളിൽ കായികതാരങ്ങളെ നിയമിക്കുമെന്ന് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. ജി.വി. രാജ അവാർഡ് വിതരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മത്സരങ്ങളിൽ മെഡൽ നേടിയ 498 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. 83 പേർക്ക് കൂടി ജോലി നൽകുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. യോഗ പരിശീലനം വ്യാപിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ബൃഹദ് പദ്ധതിക്ക് രൂപം നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച പരിശീലനം നൽകാനുമാണ് സർക്കാർ ഊന്നൽ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലായി 40ഓളം സ്‌റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.
മന്ത്രി ജയരാജൻ അവാർഡുകൾ വിതരണം ചെയ്തു. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്ത്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ എന്നിവർ പങ്കെടുത്തു.