n

 റെയിൽവേയും സർക്കാരും ഒരുമിച്ചാൽ വികസന ട്രാക്കിന് വേഗമേറും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തലസ്ഥാനത്തിന്റെ റെയിൽവേ വികസന സ്വപ്‌നങ്ങൾക്ക് വീണ്ടും പ്രതീക്ഷ. നേമം ടെർമിനൽ പദ്ധതിക്ക് റെയിൽവേയുടെ സ്വന്തം ഫണ്ടിൽ നിന്നും പണം ചെലവഴിക്കുമെന്ന് ദക്ഷിണ റെയിൽവേ മേധാവി ജോൺ തോമസ് അറിയിച്ചു. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനായി കേന്ദ്ര ബഡ്‌ജറ്റിൽ 275 കോടി രൂപ അനുവദിച്ചെങ്കിലും നേമത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. കൊച്ചുവേളി വികസനത്തിന്റെ മൂന്നാംഘട്ടമായി രണ്ടാം പ്ലാറ്റ്‌ഫോമുകളും ഒരു സ്റ്റേബിളിംഗ് ലൈനും സെപ്‌തംബറിൽ പൂർത്തിയാക്കുമെന്നും ദക്ഷിണ റെയിൽവേ മേധാവി അറിയിച്ചിട്ടുണ്ട്. ടെർമിനൽ പദ്ധതിക്ക് 2008ലാണ് അനുമതി ലഭിച്ചത്. അഞ്ചു പ്ലാറ്റ്‌ഫോം മാത്രമുള്ള തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആലോചിച്ചത്. എന്നാൽ കഴിഞ്ഞ ബഡ്‌ജറ്റിൽ 50 ലക്ഷം രൂപ മാത്രമാണ് നേമത്തിന് ലഭിച്ചത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് 2019 മാർച്ചിൽ ടെർമിനലിന് തറക്കില്ലിട്ടത്.

റെയിൽവേ ചെയ്യേണ്ടത്

നേമം ടെർമിനലിന്റെ 116 കോടി രൂപയുടെ എസ്റ്റിമേറ്റിന്

റെയിൽവേ ബോർഡ് അംഗീകാരം നൽകണം

സംസ്ഥാന സർക്കാർ ചെയ്യേണ്ടത്

സെൻട്രൽ സ്റ്റേഷൻ മുതൽ നേമം വരെ പാത ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കാൻ തുടർ നടപടി സ്വീകരിക്കണം.

ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയെങ്കിലും പണമില്ലാത്തതു കാരണം തുടർ നടപടികൾ വൈകുന്നു

നേമം വരെ ഏറ്റെടുക്കേണ്ടത്

14.86 ഹെക്ടർ ഭൂമി

നേമം ടെർമിനലിന് വേണ്ടത്

5.28 ഹെക്ടർ ഭൂമി

കൊച്ചുവേളിയിൽ വേണ്ടത്

മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള മൂന്നാംഘട്ട വികസനം നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം 8 കോടി രൂപയുടെ ജോലികൾക്ക് റെയിൽവേ കരാർ നൽകിയിരുന്നു. കൊച്ചുവേളിയിൽ ഇനി 32 കോടി രൂപയാണ് വേണ്ടത്.

നേമം ടെർമിനലിന്റെ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കും.

പാത ഇരട്ടിപ്പിക്കലിനൊപ്പം ഈ പദ്ധതിയും നടപ്പിലാക്കും

ജോൺ തോമസ്, ജനറൽ മാനേജർ,

ദക്ഷിണ റെയിൽവേ