കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പലിനെ കോളേജ് മാനേജരും മറ്റ് സഹ വൈദികരും ചേർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. കോളേജ് പ്രിൻസിപ്പൽ ഫാദർ എസ്.വൈ. ദാസപ്പന് നേരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് കൈയേറ്റ ശ്രമമുണ്ടായത്. മാനേജരും സഹവൈദികരും ചേർന്ന് താൻ താമസിക്കുന്ന മുറി ബലമായി തുറക്കാൻ ശ്രമിച്ചു, കഴിയാതെ വന്നപ്പോൾ അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും പൊലീസ് എത്തിയാണ് തന്നെ രക്ഷിച്ചതെന്നും പ്രിൻസിപ്പൽ എസ്.വൈ. ദാസപ്പൻ പറഞ്ഞു.
കൈയേറ്റ ശ്രമമറിഞ്ഞ് ജീവനക്കാരും കോളേജ് സംരക്ഷണസമിതി പ്രവർത്തകരും അദ്ദേഹം താമസിക്കുന്ന ഹൗസിന് മുന്നിലെത്തിയപ്പോൾ മാനേജരും മറ്റ് വൈദികരും ഇവരെ തടഞ്ഞെന്നും ആരോപണമുണ്ട്. തുടർന്ന് സംരക്ഷണസമിതി പ്രവർത്തകരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ വാക്കേറ്റമുണ്ടായി. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. എ.സി.പി അനിൽകുമാർ, എസ്.എച്ച്.ഒ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ ഡൊറിൻ ജേക്കബ്, റെക്‌സിലിൻ മേരി എന്നിവർ സ്ഥലത്തെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിൻസിപ്പലിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയതായി എ.സി.പി അനിൽകുമാർ അറിയിച്ചു. ഫാ.എസ്.വൈ. ദാസപ്പന്റെ രേഖാമൂലമുള്ള പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഈശോ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ പ്രിൻസിപ്പലും മാനേജ്‌മെന്റും തമ്മിൽ കുറച്ചുനാളായി അഭിപ്രായഭിന്നതയുണ്ടായിരുന്നു.