
പുനലൂർ: വിൽപ്പനക്കായി ബൈക്കിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. തെന്മല നാൽപ്പതാം മൈൽ വട്ടവട വീട്ടിൽ ജോൺ മാർക്കിനെ (42)യാണ് തെന്മല സി.ഐ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തെന്മല ബിവറേജ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വിൽപ്പനശാലയ്ക്ക് മുന്നിൽ ചാക്കിൽ കെട്ടി കടത്താൻ ശ്രമിച്ച മദ്യവുമായാണ് പിടികൂടിയത്. തെന്മല സ്വദേശിയായ അയ്യപ്പൻ എന്നയാൾക്ക് ചില്ലറ വിൽപ്പനയ്ക്ക് വാങ്ങി കൊണ്ട് പോയ മദ്യമാണ് പിടി കൂടിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സി.ഐ അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അയ്യപ്പനെതിരെയും കേസ് എടുത്തതായി സി.ഐ പറഞ്ഞു.