
പേരാവൂർ: പാഴ്വസ്തുക്കളിൽ വർണം പകർന്ന് മനസിൽ നിറഞ്ഞാടുന്ന തെയ്യങ്ങളെ അഭിജിത്ത് എന്ന പതിനേഴുകാരൻ പുനഃരാവിഷ്‌കരിക്കുന്നത് കാണുമ്പോൾ വിശ്വാസികൾ അറിയാതെ കൈകൂപ്പിപ്പോകും. തെയ്യത്തെ കലയായി കാണുന്നവർ കണ്ണെടുക്കാതെ നോക്കി നിൽക്കും. അത്രയ്ക്ക് മനോഹരമാണ് ഈ പതിനേഴുകാരന്റെ കൈയടക്കത്തിൽ പിറവികൊള്ളുന്ന 'തെയ്യ പ്രപഞ്ചം.'
കൊവിഡ് അപഹരിച്ച ഉത്തര മലബാറിന്റെ തെയ്യക്കാലം പുനഃരാവിഷ്‌കരിക്കുകയാണ് അഭിജിത്ത്. മനസിൽ പതിഞ്ഞ തെയ്യങ്ങളുടെ മുഖത്തെഴുത്തും ആടയാഭരണങ്ങളുമെല്ലാം പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച് വർണ്ണങ്ങൾ പകരുകയായിരുന്നു. ഗുളികൻ, ശാസ്തപ്പൻ, ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണു മൂർത്തി തുടങ്ങി വിശ്വാസികൾ കൈകൂപ്പുന്ന മിക്ക തെയ്യങ്ങളും അഭിജിത്ത് ഒരുക്കിയിട്ടുണ്ട്. തെയ്യം കെട്ടിയാടുന്ന കുടുംബത്തിലാണ് അഭിജിത്തിന്റെ ജനനം.
മുത്തശ്ശി പറഞ്ഞുകൊടുത്ത തെയ്യംകഥകളും തോറ്റംപാട്ടുകളും മനസിൽ നിറഞ്ഞു. അച്ഛനും അമ്മാവന്മാരും തെയ്യക്കോലധാരികളാണ്. ഇവരുടെ സഹായിയായി ചെറുപ്പം മുതലേ അഭിജിത്ത് ഓരോരോ കാവുകളിലും സ്ഥലങ്ങളിലും പോയി തെയ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ കൗതുകത്തോടെ പരിചയപ്പെട്ടിട്ടുണ്ട്. പടുവിലായി വേരുകണ്ടി കാവിൽ ശാസ്തപ്പൻ കെട്ടിയാടിയിട്ടുമുണ്ട് അഭിജിത്ത്. അമ്മാവനായ വി.കെ. അനിൽകുമാറിന്റെ സഹായത്തോടെയാണിത്.
ക്ഷേത്രം ഭാരവാഹികളിൽ നിന്ന് പൊന്നാടയും ആദരവും ഏറ്റുവാങ്ങുന്നതിനും ഇതിലൂടെ അവസരമുണ്ടായി.
മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക അജിതയാണ് പാഴ്‌വസ്തുക്കളിൽ നിന്ന് വർണക്കാഴ്ചകളൊരുക്കുന്ന വിദ്യ പകർന്നു നൽകിയത്. ഇതിലൂടെ ഉപ ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഒന്നാം സ്ഥാനവും അഭിജിത്ത് നേടി. മനസിൽ നിറഞ്ഞാടിയിരുന്ന തെയ്യങ്ങളെ പുനരാവിഷ്‌കാനായി പിന്നീടുള്ള ശ്രമം.
പച്ചക്കറി കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് മുതൽ തെർമോക്കോൾ, പഴയ തുണികൾ തുടങ്ങി ഉപേക്ഷിച്ച പുസ്തകങ്ങൾ വരെ രൂപങ്ങളുടെ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തി. ഫാബ്രിക് പെയിന്റ്, ഫെവിക്കോൾ തുടങ്ങിയ ചെറിയ സാധനങ്ങൾ മാത്രമാണ് വാങ്ങിയത്.
ഒരാഴ്ചക്കാലത്തെ പരിശ്രമം കൊണ്ടാണ് ഓരോ തെയ്യരൂപവും പിറവിയെടുക്കുന്നതെന്ന് അഭിജിത്ത് പറഞ്ഞു.
ഉപയോഗശൂന്യമായ വസ്തുക്കളുപയോഗിച്ച് തെയ്യരൂപം നിർമ്മിക്കാൻ അത്രമാത്രം ക്ഷമയും പ്രതിഭയും വേണം. തില്ലങ്കേരി പള്ള്യത്തെ സി.കെ. രഞ്ജിത്തിന്റെയും അനിതയുടെയും മൂത്ത മകനാണ്. അശ്വനന്ദയാണ് സഹോദരി. ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഭിജിത്ത്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുള്ളതുകൊണ്ട്
പഠനത്തോടൊപ്പം തെയ്യം കെട്ടിയാടാനും ആഗ്രഹിക്കുന്ന ഈ കലാപ്രതിഭ കാവുകളിൽ കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളേയും പാഴ്വസ്തുക്കളുപയോഗിച്ച് പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ്.