
തലശ്ശേരി: മാരകമായ രാസവസ്തുക്കൾ ചേർത്ത് ദിവസങ്ങളോളം പഴകിയ മീനുകൾ വാങ്ങാൻ വിധിക്കപ്പെട്ട നാട്ടുകാർക്കായി വിഷാംശം തൊട്ടു തീണ്ടാത്ത മീനുകളുമായി ഒരു വിമുക്ത ഭടൻ നമുക്കിടയിലുണ്ട്. അഞ്ചരക്കണ്ടി പുഴയിൽ കൂട് കൃഷി ചെയ്ത് വിജയഗാഥ രചിച്ചത് ദിനിൽ പ്രസാദ് എന്ന ജവാനാണ്. പാറപ്രത്തെ എം. പ്രസാദിന്റെയും പി.എം. അനിതയുടെയും മകനായ ദിനിൽ വർഷങ്ങളോളം രാജ്യത്തിന്റെ അതിർത്തി കാത്തതിന് ശേഷം നാട്ടിൽ വേറിട്ടൊരു തൊഴിൽ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. ശാന്തമായൊഴുകുന്ന അഞ്ചരക്കണ്ടി പുഴയിൽ ഫാം ഒരുക്കി മീൻ വളർത്തുകയായിരുന്നു. പിറകെ വന്ന പ്രളയത്തിൽ കൂട് തകർന്ന് വലിയ നഷ്ടമുണ്ടായെങ്കിലും ആത്മവിശ്വാസം കൈവിടാതെ വീണ്ടും മത്സ്യ കൃഷി ആരംഭിച്ചു.
വിളവെടുപ്പിന് തയ്യാറായപ്പോഴാണ് ജീവനുള്ള മത്സ്യവിൽപ്പനയെന്ന ആശയമുദിച്ചത്. പാറപ്രം ബോട്ടുജെട്ടിക്ക് സമീപം അഞ്ചരക്കണ്ടി പുഴയുടെ നടുവിൽ പ്രത്യേക രീതിയിലുള്ള കൂടൊരുക്കിയായിരുന്നു മീനിനെയിട്ടത്. നെയ്തൽ അക്വാ ഫാം എന്ന് പേരിട്ട സംരംഭത്തിൽ കരിമീനും, കാളാഞ്ചിയുമാണ് കൃഷി ചെയ്തത്. നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ്, സെൻട്രൽ മെറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാങ്കേതിക സഹായവും സംരംഭത്തിന് ലഭിച്ചു.
സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സാങ്കേതിക സഹായവുമുണ്ടായി. ജില്ലയിൽ ഇഷ്ടം പോലെ കൂട് കൃഷി ഉണ്ടെങ്കിലും കേന്ദ്ര– സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ, ആദ്യമായി ജില്ലയിൽ കൂട് കൃഷി ആരംഭിച്ചത് ദിനിലായിരുന്നു. പുഴകളിൽ തന്നെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൂടുകളിൽ നിക്ഷേപിച്ച് പരിപാലിക്കുന്നതിനാൽ, കൃത്രിമമല്ലാത്ത സാധാരണ പുഴമത്സ്യങ്ങളെത്തന്നെയാണ് ആവശ്യക്കാരന് ലഭിക്കുന്നത്. വളർച്ചയെത്തിയ മീനുകൾക്കൊപ്പം മീൻ കുഞ്ഞുങ്ങളെയും വിൽക്കുന്നുണ്ട്. നൂറുകണക്കിന് മത്സ്യക്കർഷകർ വിത്തുകൾക്കു വേണ്ടി ദിനിലിനെ സമീപിക്കുന്നുണ്ട്. ഇപ്പോൾ കർഷകർക്ക് മീൻ വളർത്തുന്നതിനായി കൂട് നിർമിച്ചു നൽകലും, വിജയകരമായി നടത്തിവരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പുതിയ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. പ്രവീണ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സജിത സംസാരിച്ചു.