sasikala-

ഇന്ന് 'ചിന്നമ്മ' തമിഴ് മണ്ണിലേക്ക് തിരിച്ചുവരികയാണ്. ഇനി 'പെരിയ അരസിയൽ വിളയാട്ടി'ന്റെ നാളുകളാണ്. കരുക്കൾ ഒരോന്നായി ബുദ്ധിപൂർവം നീക്കി ജയലളിതയുടെ പിൻഗാമിയായി തമിഴ്നാടിന്റെ സിംഹാസനത്തിലേറാൻ തുനിഞ്ഞതായിരുന്നു ശശികല. അപ്പോഴാണ് ഒ.പി.എസും ഇ.പി.എസും ചേർന്ന് കസേര പിന്നിൽ നിന്നും വലിച്ചു കളഞ്ഞത്. അതൊരു വല്ലാത്ത വീഴ്ചയായിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലിലായി. ജയിലിലേക്ക് പോകുംമുമ്പ് ജയലളിത സമാധിയിലേക്ക് എത്തി അവിടെ മൂന്നടി അടിച്ച് എന്തോ ശപഥം ചെയ്ത സീൻ ഓർമ്മയില്ലേ? ഈ വരവ് മൂൻകൂട്ടി കണ്ടാകണം അന്ന് അങ്ങനെയൊരു സീൻ.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുന്ന അവസരത്തിൽ ശശികലയുടെ വരവിൽ നെഞ്ചിടിക്കുന്നത് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കാണ്. പണം കൊണ്ടും കടപ്പാടുകൊണ്ടുംപാർട്ടി അണികളിൽ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് ചേർത്തു നിറുത്താൻ ശശികലയ്ക്ക് കഴിഞ്ഞേക്കാം. പാർട്ടിയിൽ നിന്നും പുറത്താക്കുമ്പോൾ ശശികല ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി നിയമാവലി അനുസരിച്ചല്ല തന്നെ പുറത്താകിയതെന്നാണ് ശശികലയുടെ വാദം. ആ വാദത്തിലൂന്നി പാർട്ടി പിടിക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവർ.

ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരൻ രൂപീകരിച്ച അമ്മാ മക്കൾ മുന്നേറ്റ കഴകത്തിൽ അണ്ണാ ഡി.എം.കെയിലെ മുൻ നേതാക്കളായിരുന്നവർ ചേർന്നിട്ടുണ്ട്. ശശികലയുടെ മോചനം അറിഞ്ഞ് തിരുപ്പൂരിൽ നടന്ന ആഹ്ലാദ പ്രകടനം അണ്ണാ ഡി.എം.കെ നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജയലളിതയുടെ മരണ ശേഷം ജയിലിൽ പോകുന്നതുവരെ അണ്ണാ ഡി.എം.കെ നേതാക്കളെയും അണികളെയും വരച്ച വരയിൽ നിറുത്തിയ ആളാണ് ശശികല. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അടക്കം ശശികലയുടെ കാൽതൊട്ട് വണങ്ങി മാറി നിന്നവരാണ്.

ശശികല ചെന്നൈയിലെത്തുന്നതോടെ അണ്ണാ ഡി.എം.കെ പിളരുമെന്നാണ് ടി.ടി.വി.ദിനകരൻ പറയുന്നത്. പഴയ മന്നാർഗുഡി സംഘം ഇപ്പോൾ സജീവമാണ്. ശശികലയുടെ ഭർത്താവ് നടരാജന്റെ മരണ ശേഷം സഹോദരൻ ദിവാകരനാണ് സംഘത്തിലെ പ്രധാനി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഉപമുഖ്യമന്ത്രി ഒ.പനീർശെൽവവും ശശികലയെ എതിർക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒറ്റക്കെട്ടാണ്. ജയയുടെ മരണശേഷം നാഥനില്ലാതെയായി തീർന്ന അണ്ണാ ഡി.എം.കെയ്ക്ക് ഇനി തമിഴ് രാഷ്ട്രീയത്തിലെ പ്രസക്തി കൂടി തെളിയിക്കുന്നതാകും തിരഞ്ഞെടുപ്പ്. പാർട്ടിയിലും സർക്കാരിലും എടപ്പാടി പളനി സാമി പിടിമുറുക്കിയിട്ടുണ്ട്. കാമരാജിനു ശേഷം മണ്ണിന്റെ മണമുള്ള മുഖ്യമന്ത്രി എന്ന പരിവേഷം കിട്ടാനാണ് ശ്രമം. അധികാരം കിട്ടുമെന്നുറപ്പിച്ചാണ് ഡി.എം.കെ നീങ്ങുന്നത്. അവിടെയും പൊട്ടിത്തെറികളുണ്ടെങ്കിലും പുറത്തറിയുന്നില്ലെന്നു മാത്രം.

ഈ പശ്ചാത്തലത്തിലാണ് ശശികല പടപ്പുറപ്പാട് നടത്തുക. ജയലളിതയ്ക്ക് കേവലമൊരു തോഴി മാത്രമായിരുന്നില്ല ശശികല. അവരുടെ വിജയത്തിലും പരാജയത്തിലും ജയിലിൽ പോകുമ്പോഴും അവർക്കൊപ്പം നിന്ന് മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ച ചാലക ശക്തികൂടിയായിരുന്നു. എം.ജി.ആറിന്റെ ശവമഞ്ച യാത്രയിൽ നിന്നും ചവിട്ടിഇറക്കപ്പെട്ട ജയലളിതയെ ചാരത്തിൽ നിന്നും പറന്നുയരാൻ ചിറകുകൾ സമ്മാനിച്ചത് ശശികലയായിരുന്നു. തിരുവാരൂർ മന്നാർഗുഡിയിലെ മണലി കുറുമ്പൻ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ജനനം. 1974ൽ സർക്കാർ അസി. പി.ആർ.ഒ എം.നടരാജനെ വിവാഹം ചെയ്തു. ചെന്നൈയിലെത്തിയ കാലത്ത് ആൾവാർപേട്ടിൽ വീഡിയോ കട തുടങ്ങി. അണ്ണാ ഡി.എം.കെയുടെ പ്രചാരണ പരിപാടികളുടെ വീഡിയോ ചിത്രീകരണം അനുമതി തേടിയാണ് ആദ്യമായി ജയയെ കണ്ടത്.

പിന്നീടെല്ലാം സിനിമ തോൽക്കുന്ന സീനുകൾ. പ്രചാരണ പരിപാടികളിൽ ജയയെ അനുഗമിച്ച ശശികല പിന്നീട് സന്തതസഹചാരിയാകുന്നു. പോയസ് ഗാർഡനിലേക്ക് താമസം മാറ്റി. 1991ൽ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ പോയസ് ഗാർഡനിലിരുന്ന് ഭരണം നിയന്ത്രിച്ചു. ഭരണത്തിൽ നിറഞ്ഞു നിന്നിരുന്ന ശശികലയും ബന്ധുക്കളും മന്നാർഗുഡി മാഫിയ എന്ന കുപ്രസിദ്ധി നേടി. സ്വന്തം പേരിലും ബിനാമി പേരുകളിലും ശതകോടികളുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടി. ജയലളിത രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഭൂരിഭാഗം കേസുകളിലും ശശികലയും പങ്കാളിയാണ്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 1996ലും പാർട്ടിയിൽ മറ്റൊരു അധികാര കേന്ദ്രമായതോടെ 2011ലും ജയ ശശികലയെ പാർട്ടിയിൽ നിന്നും വസതിയിൽ നിന്നും പുറത്താക്കി.ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന വാക്കു നൽകിയാണ് ശശികല പോയസ് ഗാർഡനിലേക്ക് മടങ്ങിയെത്തിയത്. പക്ഷെ, ആ വാക്ക് എത്രത്തോളം പാലിക്കപ്പെട്ടുവെന്ന് ജയലളിതയുടെ വേർപാട് നടന്നഉടൻ തമിഴകത്തിന് മനസിലായി.