
തിരുവനന്തപുരം: ട്രഷറി സോഫ്‌ട്‌വെയറിലെ പാകപ്പിഴമൂലം അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ എത്തിയ പലിശ 1.47 ലക്ഷം രൂപ ! ട്രഷറി മുൻ അസി. ഡയറക്ടറായ നിക്ഷേപക ഇക്കാര്യം ട്രഷറി അധികൃതരെ വിളിച്ചറിയിച്ചു. തിരുവനന്തപുരത്തെ കടയ്‌ക്കാവൂർ ട്രഷറിയിലാണ് കുഴപ്പം കണ്ടത്.
സോഫ്‌ട്‌വെയറിലെ അപാകത മുതലെടുത്ത് കഴിഞ്ഞ വർഷം വഞ്ചിയൂർ ട്രഷറിയിലെ ഒരു ജീവനക്കാരൻ രണ്ട് കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയത്. സോഫ്‌ട്‌വെയറിലെ കുഴപ്പം പരിഹരിച്ചു എന്ന അധികൃതരുടെ അവകാശ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് പുതിയ പരാതി.
ജനുവരി 30നാണ് ഇവർ അഞ്ച് ലക്ഷം രൂപ കടയ്ക്കാവൂർ ട്രഷറിയിൽ നിക്ഷേപിച്ചത്. ഫെബ്രുവരി ഒന്നിനാണ് കുറഞ്ഞ പലിശ നിരക്ക് നിലവിൽ വന്നത്. സ്ഥിര നിക്ഷേപത്തിന് 8.5 ശതമാനം വാർഷിക പലിശ ലഭിക്കും. ഇതുപ്രകാരം 30,31 തീയതികളിൽ കിട്ടേണ്ട പലിശ 240 രൂപയാണ്. സ്ഥിര നിക്ഷേപത്തിലെ പലിശ സേവിംഗ് അക്കൗണ്ടിലേക്ക് മാറും. ഇത് ഓൺലൈനായി പരിശോധിക്കാം. തന്റെ അക്കൗണ്ടിൽ പലിശയായി 1,47,000 രൂപ എത്തിയതും അതിൽ 12,500 രൂപ ടി.ഡി.എസ് പിടിച്ചതും മനസിലാക്കിയ അവർ അധികൃതരെ അറിയിക്കുകയായിരുന്നു.
ക്ലെറിക്കൽ പിശകായി അധികൃതർ ഇതിനെ നിസാരവത്കരിക്കയാണ്. 366 ദിവസത്തേക്കാണ് നിക്ഷേപം. ദിവസം എന്ന കോളത്തിന് നേരെ 366 എന്ന് ചേർക്കേണ്ടതിന് പകരം ആഴ്ച എന്ന കോളത്തിന് നേരെ 366 ചേർത്തതാണത്രേ കുഴപ്പത്തിന് കാരണം. എങ്കിൽ പോലും ഈ പലിശക്കണക്ക് ശരിയാകില്ലെന്ന് പറഞ്ഞാൽ അധികൃതർക്ക് ഉത്തരമില്ല.