
കണ്ണൂർ: നവമാദ്ധ്യമങ്ങൾ ആശയ പ്രചാരണ ആയുധമാക്കിയ ബി.ജെ.പിയുടെ പാതയിൽ സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ തന്ത്രത്തിന് രൂപം നൽകിയത്. ബി.ജെ.പി സർക്കാരിനെ രണ്ടാം തവണയും അധികാരത്തിലെത്താൻ സഹായിച്ചത് നവമാദ്ധ്യമങ്ങളിലെ പ്രചാരണമായിരുന്നു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോര് കനക്കുക സോഷ്യൽ മീഡിയയിൽ ആയിരിക്കുമെന്ന് ഉറപ്പായി.
പാർട്ടിയുടെ നിലപാടുകളും സർക്കാരിന്റെ ഭരണ നേട്ടങ്ങളും വോട്ടർമാരിൽ എത്തിക്കുന്നതിന് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സൈബർ വിംഗ് ശക്തമാക്കും. നിലവിൽ പാർട്ടിയുടെ സൈബർ പോരാളികൾ സ്വന്തം മനോധർമ്മം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സഭ്യതയുടെ അതിർവരമ്പുകൾ മറികടന്ന് എതിരാളികൾക്ക് മേൽ നടത്തുന്ന കടന്നാക്രമണങ്ങൾ ഒടുവിൽ പാർട്ടി നേതൃത്വത്തിന്റെ തലയിലാകും. ഇതൊഴിവാക്കുന്നതിനായി പാർട്ടി ജില്ലാ നേതൃത്വം നൽകുന്ന ഓരോ വിഷയങ്ങളിലെയും ന്യായീകരണ ക്യാപ്സൂളുകൾ തങ്ങളുടെ പോസ്റ്റുകളെന്ന വ്യാജേന പ്രചരിപ്പിക്കാൻ വളരെ ചുരുക്കം സൈബർ പോരാളികൾ മാത്രമെ തയ്യാറാവുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പാർട്ടിയുമായി നേരിട്ട് ബന്ധമുള്ള പോഷക സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ എന്നിവയിലെ പ്രവർത്തകരെ തെരഞ്ഞെടുത്ത് സൈബർ പോരാട്ടത്തിനിറക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ഡിസൈനിംഗ്, എഴുത്ത്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിചയസമ്പന്നരായ സന്നദ്ധ പ്രവർത്തകർക്കുള്ള രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തോളം പ്രവർത്തകരാണ് ഇങ്ങനെ രജിസ്ട്രർ ചെയ്തത്. കിഫ്ബി അടക്കമുള്ള സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി പ്രദേശിക കമ്മിറ്റികൾക്കും ജില്ലാ കമ്മിറ്റികൾക്കും അനൗദ്യോഗികമായി സൈബർ വിംഗുകളുണ്ടെങ്കിലും വിവാദങ്ങൾ ഒഴിവാക്കി ഏകീകരിച്ച സ്വഭാവമുണ്ടാക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ നേരിട്ട് സൈബർ വിംഗ് രൂപീകരിക്കുന്നത്. ഇത്തരം സൈബർ വിംഗിനെ നിയന്ത്രിക്കാൻ സംസ്ഥാന കമ്മിറ്റി പ്രത്യേക സമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.
ആകർഷകമായ പോസ്റ്റുകളും പ്രധാന നേതാക്കളുടെ വീഡിയോയും എതിർ പാർട്ടികളെ കുറിച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന ന്യു ജെൻ വോട്ടുകൾ നേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സി.പി.എം. എന്നാൽ തങ്ങളുടെ വരുതിയിൽ വരാത്ത സൈബർ പോരാളികളെ പാർട്ടിക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നത് കണ്ടറിയേണ്ടിവരും.