
താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരങ്ങൾ. പ്രിയദർശനും ടി.കെ.രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും 'അമ്മ' സംഘടന ഒരുക്കുന്നുണ്ട്. "135ഓളം താരങ്ങൾക്ക് ഈ സിനിമയിൽ അഭിനയിക്കാൻ കഴിയും. അത്തരത്തിലുള്ളൊരു കഥയാണ് സിനിമയുടേത്.."മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ടികെ രാജീവ് കുമാറാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അമ്മയുടെ പുതിയ സിനിമ ഒരു ക്രൈം ത്രില്ലർ ആയിരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.