
ശാസത്രലോകത്തിന് പിടിക്കൊടുക്കാതെ മറ്റൊരു അജ്ഞാത രോഗം കൂടി. ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ് ഈ അജ്ഞാത രോഗം കണ്ടെത്തിയത്. 2005 മുതൽ 50 ലേറെ ചിമ്പാൻസികളുടെ ജീവനാണ് ഈ അജ്ഞാത രോഗം കവർന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗവേഷകരെ വട്ടംചുറ്റിച്ച ഈ രോഗത്തിന്റെ ചുരുൾ നിവർത്തുകയാണ് ശാസ്ത്രലോകം ഇപ്പോൾ. ന്യാഡീവ്യൂഹത്തെയും ആമാശയം, കുടൽ ഉൾപ്പെടെ ദഹനവ്യവസ്ഥാ വ്യൂഹത്തെയും ബാധിക്കുന്ന ഈ അജ്ഞാത രോഗം ടാകുഗാമാ സാംഗ്ച്വറിയിലെ അതീവ വംശനാശഭീഷണി നേരിടുന്ന വെസ്റ്റേൺ ചിമ്പാൻസികളിലാണ് കണ്ടെത്തിയത്.
നിശ്ചിത സീസണുകളിൽ ആവർത്തിച്ചു വരുന്ന രോഗം പിടിപെട്ടാൽ ചിമ്പാൻസികൾ പെട്ടെന്നാണ് അവശരായി ചത്തുവീഴുന്നത്. ചിലപ്പോൾ രാത്രി ആരോഗ്യത്തോടെ ഉറങ്ങാൻ പോകുന്ന ചിമ്പാൻസികളെ രാവിലെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി അധികൃതർ പറയുന്നു. രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ പിന്നെ ചികിത്സ നൽകിയാലും രക്ഷയില്ലെന്നും ഇവർ പറയുന്നു.
എല്ലാ മാർച്ച് മാസങ്ങളിലുമാണ് അജ്ഞാത രോഗം ചിമ്പാൻസികളിൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം, ചിമ്പാൻസികളുടെ മരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഇപ്പോഴും നിഗൂഢമാണ്. നിലവിൽ രോഗം നേരിട്ട് പകരുന്നില്ലെന്നാണ് കണ്ടെത്തൽ.
കാരണക്കാർ ആര് ?
അജ്ഞാത രോഗത്തിന് പിന്നിൽ വൈറസാണോ ബാക്ടീരിയ ആണോ അതോ മറ്റേതെങ്കിലും പരാദ ജീവികളാണോ എന്നറിയാൽ ചിമ്പാൻസികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഗവേഷകർ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
രോഗം ബാധിച്ച ചിമ്പാൻസികളിൽ നിന്ന് ശേഖരിച്ച 68 ശതമാനം സാമ്പിളുകളിലും ഒരു പ്രത്യേക സ്പീഷീസിൽപ്പെട്ട ബാക്ടീരിയയെ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞു. മൈക്രോസ്കോപ്പിലൂടെ സൂഷ്മ പരിശോധന നടത്തിയപ്പോൾ നാല് ദളങ്ങളോട് കൂടിയ ക്ലോവർ ഇലയെ സ്മരിപ്പിക്കുന്ന വളരെ അസാധാരണമായ രൂപമാണ് ഈ ബാക്ടീരിയയ്ക്ക് കണ്ടെത്തിയത്.
ബാക്ടീരിയയുടെ രൂപം കണക്കിലെടുത്ത് ഇത് സാർസിന ജീനസിൽപ്പെട്ട ബാക്ടീരിയ ആകാമിതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. സാർസിന ബാക്ടീരിയകളെ മനുഷ്യരിൽ കുടൽ സംബന്ധമായ രോഗലക്ഷണങ്ങൾക്ക് കാരണമായ ഒരു സ്പീഷിസ് സാർസിന ഗണത്തിൽപ്പെടുന്നതാണ്.
ചിമ്പാൻസികളിൽ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ സാർസിന ജീനസിലെ മറ്റു ബാക്ടീരിയകളുമായി അടുപ്പം പുലർത്തുന്നവയാണെങ്കിൽ പോലും ഇവയെ ഗവേഷകർ ഒരു പുതിയ സ്പീഷിസായാണ് കണക്കാക്കുന്നത്.
മനുഷ്യരിൽ സാർസിന ബാധയ്ക്ക് വിജയകരമായി പരീക്ഷിച്ചിട്ടുള്ള അന്റാസിഡുകളും ആന്റിബയോട്ടികുകളും ഉപയോഗിച്ച് ടാകുഗാമ സാംഗ്ച്വറിയിലെ രോഗബാധിതരായ ചിമ്പാൻസികൾക്ക് ചികിത്സ നൽകുകയാണ് അധികൃതർ ഇപ്പോൾ.
മനുഷ്യരിലേക്കും ?
ജനിതക ഘടനയിൽ മനുഷ്യനും ചിമ്പാൻസിയും തമ്മിൽ 98 ശതമാനം സാമ്യമുണ്ട്. ഇക്കാരണത്താൽ, ചിമ്പാൻസികളിലെ അജ്ഞാത രോഗം മനുഷ്യരിലേക്കും പടർന്നേക്കാൻ സാദ്ധ്യതയുള്ളതായി ഗവേഷകർ ആശങ്ക പങ്കുവയ്ക്കുന്നു.
2005 മുതൽ 2018 വരെ ചത്ത ചിമ്പാൻസികളുടെ എണ്ണം - 56
ചിമ്പാൻസികളിലെ രോഗലക്ഷണങ്ങൾ
നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങൾ
( ശരീരത്തിൽ ഏകോപനം താളംതെറ്റുന്നു, ചലനശേഷി നഷ്ടപ്പെടുന്നു, അപസ്മാരം )
വയറുവേദന
ഛർദ്ദി