
ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലൂടെ വീണ്ടും വിവാദ നായികയായ സണ്ണി ലിയോണിന്റെ വിശേഷങ്ങൾ
1981 മേയ് 13-ന് കാനഡയിലെ ഒൺടറിയോയിൽ ഒരു മിഡിൽ ക്ളാസ് പഞ്ചാബി കുടുംബത്തിൽ ജനിച്ച കിരൺജിത്ത് കൗർ വോറ ലോകമറിയുന്ന 'പോൺ താരം" സണ്ണി ലിയോൺ ആയി മാറിയത് വലിയ ഒരു കഥയാണ്.
ഏറ്റവുമധികം ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റി ആരെന്ന് നോക്കൂ. അമിതാഭ് ബച്ചനും സൽമാൻ ഖാനും ആക്ഷയ്‌കുമാറിനും കരീന കപൂറിനും കത്രീന കൈഫിനും പ്രിയങ്ക ചോപ്രയ്ക്കും ദീപിക പദുക്കോണിനുമൊപ്പം സണ്ണി ലിയോണിന്റെ പേരുമുണ്ടാകും.
സണ്ണിയുടെ ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കൾ കാനഡയിൽ നിന്ന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലേക്ക് കുടിയേറിയിരുന്ന ചെറുബാല്യം തൊട്ടേ അത്‌ലറ്റിക്‌സിലും ഹോക്കിയിലുമൊക്കെ നൈപുണ്യം നേടിയ സണ്ണി ഗ്ളാമർ ലോകത്തേക്ക് കടക്കുന്നത് ലോസ് ഏഞ്ചൽസിൽ വച്ചാണ്.
നഴ്‌സാകാൻ മോഹിച്ച് ഒരു ബേക്കറിയിലുൾപ്പെടെ ജോലി ചെയ്ത് ഒടുവിൽ സണ്ണി എത്തപ്പെട്ടത് മോഡലിംഗിന്റെ ലോകത്ത്. പെന്റ് ഹൗസ് മാഗസിന്റെ മോഡലായി തുടക്കം. മാഗസിന്റെ ഉടമയായിരുന്ന ബോബ് ഗുക്കിയോണാണ് സണ്ണി എന്ന ചെല്ലപ്പേരിനൊപ്പം ലിയോൺ എന്ന് കൂടിചേർത്തത്.
മോഡലിംഗിൽ താരമായി മാറിയ സണ്ണി ലിയോൺ 2003-ൽ ആണ് വിവിഡ് എന്റർടെയ്‌ൻമെന്റുമായി 'പോർണോ" ചിത്രങ്ങളിലഭിനയിക്കാനുള്ള മൂന്ന് വർഷ കരാറൊപ്പിടുന്നത്. ലെസ്ബിയൻ രംഗങ്ങളിൽ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു സണ്ണിയുടെ നിബന്ധന. രണ്ട് വർഷങ്ങൾക്ക് ശേഷം ആറ് മാസത്തേക്ക് കൂടി വിവിഡ് കമ്പനി സണ്ണിയുമായുള്ള കരാർ പുതുക്കി.
പെണ്ണുങ്ങൾക്കൊപ്പം മാത്രമല്ല ആണുങ്ങൾക്കൊപ്പവും ലൈംഗിക രംഗങ്ങൾ ചെയ്യാമെന്ന് പുതുക്കിയ കരാറിൽ സണ്ണി സമ്മതിച്ചു. ഭാവി വരനായി സണ്ണി കണ്ടിരുന്ന മാറ്റ് എറിക്‌സൺ ആയിരുന്നു മിക്ക ചിത്രങ്ങളിലും സണ്ണിയുടെ 'സഹതാരം."
ഇടയ്ക്ക് മാറിടത്തിന്റെ വലിപ്പം കൂട്ടാനും ആകൃതി നിലനിറുത്താനുമായി ശസ്ത്രക്രിയയ്ക്ക് വിധേയയായ സണ്ണി ലിയോൺ 2005 മുതൽ എറിക്കിനെ കൂടാതെ മറ്റ് ആൺ താരങ്ങൾക്കൊപ്പവും പോൺ രംഗങ്ങളിലഭിനയിക്കാൻ തയ്യാറായി. പിന്നീട് സണ്ണി ലിയോണിന്റെ ഭർത്താവും മാനേജരുമൊക്കെയായി മാറിയ ഡാനിയൽ വെബറായിരുന്നു പുതിയ സഹതാരം.
2009-ൽ സണ്ണിയും ഭർത്താവും ചേർന്ന് സൺ ലസ്റ്റ് പിക്ചേഴ്സ് എന്ന പേരിൽ പുതിയ നിർമ്മാണക്കമ്പനി തന്നെ തുടങ്ങി.
ലോകത്തിന്റെ കാമനകൾക്ക് എരിവും പുളിയും നിറവും പകർന്ന പോൺ ജീവിതത്തിൽ നിന്ന് സണ്ണി 'റിട്ടയർമെന്റ്" പ്രഖ്യാപിച്ചത് 2013-ൽ ആണ്.
ഡയമണ്ട്‌സ്, പെർഫ്യൂം.. പുതിയ ബ്രാൻഡുകളിലേക്ക് പടർന്ന് കയറുകയായിരുന്നു സണ്ണി പിന്നീട്.
2017-ൽ മഹാരാഷ്ട്രയിലെ ലത്തൂർ ഗ്രാമത്തിൽ നിന്നാണ് ആദ്യത്തെ കുട്ടിയെ സണ്ണി - ഡാനിയേൽ ദമ്പതികൾ ദത്തെടുത്തത്. ആ പെൺകുട്ടിക്ക് അവർ നിഷ കൗർ വെബർ എന്ന് പേരിട്ടു. 2018-ൽ വാടക ഗർഭധാരണത്തിലൂടെ സണ്ണി ഇരട്ടക്കുട്ടികളുടെ അമ്മയായി; അഷേർ സിംഗ് വെബർ, നോഹസിംഗ് വെബർ എന്നീ പേരുകളാണ് ഇരട്ടകൾക്ക് സണ്ണിയും ഡാനിയേലും സമ്മാനിച്ചത്.
2015-ൽ സണ്ണി ലിയോണിന്റെ വെബ്‌സൈറ്റായ സണ്ണിലിയോൺ ഡോട്ട് കോം ഇന്ത്യൻ സാംസ്കാരത്തെ നശിപ്പിക്കുന്നുവെന്ന പരാതിയിൽ മുംബയ് പൊലീസ് കേസെടുത്തതാണ് സണ്ണി നേരിട്ട ആദ്യ വിവാദം. പിന്നീട് വേറെയും പല പല വിവാദങ്ങൾ.
കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്നേറ്റ് 29 ലക്ഷം രൂപ കൈപ്പറ്റിയിട്ട് ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തില്ലെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതാണ് പുതിയ വിവാദം.
2012-ൽ ജിസം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോൺ കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി, തമിഴ്, ബംഗ്ളാദേശി, നേപ്പാളി എന്നീ ഭാഷകളിലുമഭിനയിച്ചു. മമ്മൂട്ടിച്ചിത്രമായ മധുരരാജയിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ട് മലയാളത്തിലും സാന്നിദ്ധ്യമറിയിച്ചു. മലയാളത്തിൽ നായികയായ രംഗീല എന്ന ചിത്രം പൂർത്തിയായില്ല.
ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മൂന്നാഴ്ചകളായി സണ്ണി ലിയോൺ കുടുംബസമേതം തിരുവനന്തപുരത്തുണ്ട്.