dulqur

ദുൽഖർ സൽമാന്റെ കുഞ്ഞുമറിയത്തിന് സമ്മാനവുമായി ബോളിവുഡ് താരം ആലിയ ഭട്ട്. മറിയത്തിനായി ആലിയ അയച്ച സമ്മാനങ്ങളുടെ ചിത്രമാണ് ദുൽഖർ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ആലിയ സമ്മാനിച്ച ഉടുപ്പുകളുടെയും കുറിപ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ച് നന്ദി അറിയിച്ചിരിക്കുകയാണ് ദുൽഖർ. നേരത്തെ ആലിയ ഭട്ടിന്റെ ആരാധകനാണ് താനെന്ന് ദുൽഖർ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. മകൾ മറിയം ആലിയയെ പോലെ വളരണം എന്നാഗ്രഹിക്കുന്നുവെന്നും ഒരു അഭിമുഖത്തിനിടെ ദുൽഖർ വ്യക്തമാക്കിയിരുന്നു. ആലിയയോട് ക്രഷ് അല്ല, ഒരു അഭിനേതാവ് എന്ന നിലയിൽ ഇഷ്ടമാണെന്നും അവരുടെ കുറച്ച് സിനിമകൾ കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. 2011ലാണ് ദുൽഖർ അമാൽ സൂഫിയയെ വിവാഹം ചെയ്തത്. 2017ലാണ് ദുൽഖറിനും അമാലിനും മറിയം അമീറ ജനിച്ചത്. മകളുടെ വിശേഷങ്ങളും ദുൽഖർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തമിഴ് ചിത്രം ഹേയ് സിനാമികയുടെ ഷൂട്ടിംഗാണ് ദുൽഖർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കുറുപ്പാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വീണ്ടും ബോളിവുഡിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ. മിഷൻ മംഗൾ, പാഡ്മാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആർ.ബാൽകിയുടെ ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുക.