
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണമേൽനോട്ട സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയോഗിച്ച ഉമ്മൻ ചാണ്ടി, തിരക്കിലാണ്. ഇടവേളയിൽ അദ്ദേഹം സംസാരിച്ചു:
നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാന കോൺഗ്രസിൽ യുദ്ധസമാനമായ മുന്നൊരുക്കമാണ്. തദ്ദേശഫലം ആത്മവിശ്വാസം കുറച്ചോ?
ആത്മവിശ്വാസക്കുറവില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രധാനമായും ജനം കാണുന്നത് വ്യക്തിഗത സ്ഥാനാർത്ഥികളെയാണ്. യു.ഡി.എഫിന് സ്ഥാനാർത്ഥികൾ മാത്രമല്ല, വിമതരുമുണ്ട്. അപ്പോൾ സ്ഥാനാർത്ഥി നന്നായിരിക്കണം, റിബലുണ്ടാകരുത്, അല്ലെങ്കിൽ റിബൽ ദുർബലനായിരിക്കണം. അതിനാൽ യു.ഡി.എഫെപ്പോഴും പിന്നിലാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ ഫലം മോശമല്ല. ജില്ലാപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കുറവ് വന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. സംഘടനാസംവിധാനത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലമുണ്ടാകുമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരുക്കങ്ങൾ. അതിന് എ.ഐ.സി.സി പ്രത്യേകം താത്‌പര്യം കാട്ടിയിട്ടുണ്ട്. എ.ഐ.സി.സി നേതാക്കൾ ഇവിടെത്തന്നെയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ എത്രത്തോളം?
അഞ്ചുവർഷത്തെ ഭരണത്തിലെ നിഷ്ക്രിയത്വം ജനം കണക്കിലെടുക്കും. യാതൊരു സംശയവുമില്ല. യു.ഡി.എഫ് തുടങ്ങിവച്ചത് പൂർത്തിയാക്കുകയെന്നതിൽ കവിഞ്ഞ് ഇവർ കൊണ്ടുവന്ന പുതിയ പ്രോജക്‌ടുകളില്ല. യു.ഡി.എഫിന് പറയാൻ കുറേയേറെയുണ്ട്. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്നിവയെല്ലാം യു.ഡി.എഫിന്റെ തുടക്കങ്ങളാണ്.
നാല് മിഷനുകൾ സർക്കാർ ഉയർത്തിക്കാട്ടുന്നു ?
ലൈഫ് മിഷനിൽ 2,23,000 വീടുകൾ പൂർത്തിയാക്കിയെന്ന് പറയുന്നത് അംഗീകരിക്കുന്നു. പക്ഷേ യു.ഡി.എഫിന്റെ കാലത്ത് 4,53,000 വീടുകൾ പൂർത്തീകരിച്ചു. അത് പറയാതെയാണ് ഇവരിത് പറയുന്നത്.
സർക്കാർ ജനങ്ങൾക്കു വേണ്ടി എന്തുചെയ്തെന്ന ചോദ്യം ഉയരുന്നില്ലെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രിയുടേത്, എന്നാൽ തദ്ദേശഫലത്തിന് ഭരണനേട്ടവുമായി യാതൊരു ബന്ധവുമില്ല.
സർക്കാരിന്റെ അവസാനനാളുകളിൽ ഭരണവിരുദ്ധ വികാരമാണ് കൂടുതൽ ചർച്ച ചെയ്യപ്പെടാറ്. ആരോപണങ്ങളുണ്ടായിട്ടും ഇപ്പോളത് അതത്രത്തോളം ചർച്ചയല്ല ?
സർക്കാരിനെതിരെയുള്ളത് ആരോപണങ്ങളല്ല. യാഥാർത്ഥ്യങ്ങളാണ്. സർക്കാരാവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾ വന്ന് കണ്ടെത്തിയ കാര്യങ്ങളാണ്. അതും സർക്കാരിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവരുടെ അഴിമതികൾ. ഇതൊക്കെ ജനം മനസിലാക്കുന്നുണ്ട്. ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത് മറ്റുള്ളവരുടെ ബലഹീനതയെ ആശ്രയിച്ചല്ല, യു.ഡി.എഫിന്റെ പോസിറ്റീവ് വശങ്ങളെ ആശ്രയിച്ചാണ് .
അവസാനവർഷമായിട്ടും വിവാദങ്ങളേക്കാളേറെ കേരളമിപ്പോൾ ചർച്ച ചെയ്യുന്നത് ക്ഷേമപെൻഷൻ വർദ്ധനയും കൊവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണവുമടക്കമുള്ള കരുതൽ നടപടികളല്ലേ ?
യു.ഡി.എഫ് അധികാരമേറ്റ ശേഷമുണ്ടായ ആദ്യത്തെ നൂറുദിന പരിപാടിയിൽ മുഴുവൻ ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ അരി പ്രഖ്യാപിച്ച് അഞ്ചുകൊല്ലവും കൊടുത്തു. ഇവർ വന്ന് അതിന് രണ്ടുരൂപയാക്കി. എ.പി.എല്ലുകാർക്ക് കേന്ദ്രസർക്കാർ തരുന്ന 8.90രൂപയ്ക്ക് കൊടുക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അരിയിവിടെയെത്തിച്ച് വിതരണം ചെയ്യുമ്പോൾ ഒരു കിലോയ്ക്ക് കൈകാര്യച്ചെലവ് രണ്ട് രൂപയാകുന്നുണ്ട്. അത് എല്ലാക്കാലത്തും സർക്കാരാണ് വഹിച്ചിട്ടുള്ളത്. ഇവരത് പാവപ്പെട്ടവന്റെ തലയിൽ വച്ചുകൊടുത്തു. യു.ഡി.എഫ് കാലത്ത് ഓണക്കിറ്റ് കൊടുക്കാറുണ്ടായിരുന്നു. ഈ സർക്കാർ വന്ന് അത് നിറുത്തി. ഓണക്കിറ്റ് കൊടുക്കണമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ, വെള്ളപ്പൊക്കമാണ്, കൊടുക്കില്ലെന്ന് പറഞ്ഞു. ഇപ്പോൾ കിറ്റില്ലാതെ വീട്ടിൽ കയറാനാവാത്തതിനാൽ കൊടുക്കുന്നു.
എന്തുകൊണ്ട് യു.ഡി.എഫിനെ ജയിപ്പിക്കണം?
സമാധാനത്തിനും വികസനത്തിനും കരുതലിനും വേണ്ടി. യു.ഡി.എഫ് സർക്കാർ തുടങ്ങിയ കരുതൽ നടപടികളുടെ നാലയൽപക്കത്ത് ഇവർ വരുന്നില്ല. കാരുണ്യ ബെനവലന്റ് ഫണ്ട് നിറുത്തി. പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായത്തിലൊക്കെ വലിയ വീഴ്ച വരുത്തി. യു.ഡി.എഫ് കാലത്തുണ്ടായിരുന്ന കോംക്ലിയർ ഇംപ്ലാന്റ് സർജറി, എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം പോലുള്ളവയിൽ പലതും നിറുത്തലാക്കി, ബാക്കിയുള്ളവ ഫലപ്രദമായി നടക്കുന്നില്ല.
മറ്റൊന്നും സർക്കാരിനെതിരെ പറയാനില്ലാത്തത് കൊണ്ടാണ് സുപ്രീംകോടതിയുടെ മുന്നിലുള്ള ശബരിമല വിഷയം യു.ഡി.എഫ് എടുത്തിടുന്നതെന്ന് സി.പി.എം ചിന്തിച്ചാൽ ?
അതൊട്ടും ശരിയല്ല. സർക്കാരിന്റെ വീഴ്ചകളും, യു.ഡി.എഫിന്റെ നേട്ടങ്ങളും പറയാൻ ധാരാളമുണ്ട്. ശബരിമലയുടെ കാര്യം ഞങ്ങളൊരിക്കലും രാഷ്ട്രീയമാക്കിയിട്ടില്ല. 2016 ഫെബ്രുവരിയിലാണ് യു.ഡി.എഫിന് സത്യവാങ്മൂലം കൊടുക്കാനായത്. ഇലക്ഷൻ മാർച്ചിൽ പ്രഖ്യാപിക്കുകയാണ്. കേസ് വളരെനാൾ കഴിഞ്ഞാണ് പോസ്റ്റ് ചെയ്യുന്നത്. അപ്പോഴാണ് അച്യുതാനന്ദൻ സർക്കാർ കൊടുത്ത അഫിഡവിറ്റിനെക്കുറിച്ച് ഞങ്ങൾ മനസിലാക്കുന്നത്. ഉടനെ പുതിയ അഫിഡവിറ്റ് കൊടുക്കാനുള്ള സമയം ചോദിച്ചു. അതനുവദിച്ചു. എന്റെ ഓർമ്മയനുസരിച്ച് ഫെബ്രുവരി നാലിനാണത് കൊടുക്കുന്നത്. ഒറ്റക്കുഞ്ഞ് അതറിഞ്ഞില്ല. ശബരിമലയുടെ പരിപാവനത്വം നിലനിറുത്താൻ ഞങ്ങളെന്നും ശ്രമിച്ചിട്ടുണ്ട്. എൽ.ഡി.എഫിലിപ്പോൾ നയംമാറ്റം വന്നിട്ടും അഫിഡവിറ്റ് മാറിയിട്ടില്ല. എന്തുകൊണ്ട് അത് പിൻവലിക്കുന്നില്ലെന്നാണ് ഞങ്ങൾ ചോദിക്കുന്നത് . കോടതിവിധി വരട്ടെയെന്ന് പറയുന്നു. വിധി പറയുമ്പോൾ കോടതിയുടെ മുന്നിൽ സർക്കാരിന്റെ സത്യവാങ്മൂലമാണിരിക്കുന്നത്. നയംമാറ്റ സൂചന കൊടുത്ത് കബളിപ്പിക്കുകയാണ്.
ശബരിമല കാര്യത്തിൽ നിയമനിർമ്മാണം നടത്താനാണെങ്കിൽ അഞ്ചുവർഷം അധികാരത്തിലിരുന്നപ്പോൾ യു.ഡി.എഫിന് നടത്താമായിരുന്നല്ലോ ?
അന്ന് വിധിയില്ലല്ലോ. അന്ന് ഹൈക്കോടതിയിൽ യു.ഡി.എഫ് ഫൈറ്റ് ചെയ്ത് അനുകൂലവിധി നേടിയതാണ്. എതിരായ വിധി വന്നത് ഇവരുടെ കാലത്താണ്. ഞങ്ങൾക്കെന്ത് ചെയ്യാനാകും ?
യു.ഡി.എഫിനെ എക്കാലവും ശക്തമായി തുണച്ചിരുന്ന ക്രൈസ്തവർക്കിടയിൽ വിഭാഗീയചിന്തകൾ ശക്തം ?
രാഷ്ട്രീയമായ ചർച്ചയിൽ അങ്ങനെയുള്ള മാറ്റങ്ങൾക്കൊന്നും മുൻതൂക്കം കിട്ടില്ല. അടുത്ത അഞ്ചുവർഷം കേരളം ആര് ഭരിക്കണമെന്ന ചോദ്യം വരുമ്പോൾ രാഷ്ട്രീയമായിരിക്കും മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാട് മുഴുവൻ പ്രചരിപ്പിച്ചത് അഴിമതി ഭരണം അവസാനിപ്പിക്കാൻ എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നാണ്. അന്നുപറഞ്ഞ അഴിമതിക്കേസുകളിൽ ഒരെണ്ണത്തിനെങ്കിലും എഫ്.ഐ.ആറിടാൻ പോലുമായില്ല.
കത്തോലിക്കർക്കിടയിൽ വലിയ തോതിൽ മുസ്ലിംവിരുദ്ധ പ്രചാരണം നടക്കുന്നുണ്ട്. ലീഗ് യു.ഡി.എഫിലെ കക്ഷിയാണ് ?
കേരളത്തിൽ എല്ലാ സമുദായങ്ങളും വളരെ സൗഹാർദ്ദത്തിലും പരസ്പര വിശ്വാസത്തിലുമാണ് മുന്നോട്ട് പോകുന്നത്. അതെന്നും അങ്ങനെയാകണമെന്ന് യു.ഡി.എഫ് ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിനതീതമായി കേരളത്തിന് ഒരു സംസ്കാരവും പാരമ്പര്യവുമുണ്ട്. ശ്രീനാരായണഗുരുദേവന്റെ ഉപദേശങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ഉൾക്കൊണ്ടുകൊണ്ടുള്ള സാമൂഹ്യ പശ്ചാത്തലമാണ് കേരളത്തിനുള്ളത്. പ്രശ്നങ്ങൾ ഉണ്ടാകുന്നെങ്കിൽ ചർച്ചയിലൂടെ വേഗത്തിൽ പരിഹരിക്കണം. ബാബറി മസ്ജിദ് തകർന്ന സമയത്ത് ഇന്ത്യ മുഴുവൻ കലാപത്തിന്റെ പിടിയിലായി. കേരളത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിറുത്താനായതിൽ കേരളജനതയ്ക്ക് അഭിമാനിക്കാം. തെറ്റിദ്ധാരണയോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കണം.
യു.ഡി.എഫിന്റെ കത്തോലിക്കാ മുഖമായിരുന്ന കെ.എം. മാണിയുടെ അഭാവത്തിലാണ് ഇത്തരം അസുഖകരമായ ചർച്ചകൾ. അദ്ദേഹത്തിന്റെ മകനിന്ന് ഇടതിനൊപ്പമാണ് ?
മാണിസാർ യു.ഡി.എഫിന്റെ ശക്തിയായിരുന്നു എന്നതിൽ സംശയമില്ല. ഞങ്ങൾക്കൊക്കെ ആത്മവിശ്വാസം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു സ്ഥിതിയുണ്ടാകുമായിരുന്നില്ല. എന്നാൽ മാണിസാറിനെ ഇത്രയധികം അപമാനിച്ച, ആക്രമിച്ച, നീതിക്ക് നിരക്കാത്ത വിധത്തിൽ പ്രവർത്തിച്ചവരുടെ കൂടാരത്തിലേക്കാണ് അദ്ദേഹത്തിന്റെ മകനും സഹപ്രവർത്തകരും പോയത്. മാണിസാറിന്റെ അവസാന ബഡ്ജറ്റവതരണ ദിവസത്തിൽ കാട്ടിക്കൂട്ടിയതൊന്നും മാണിസാറിനെ സ്നേഹിക്കുന്ന ജനം മറക്കില്ല.
ക്രൈസ്തവർക്കിടയിൽ ഉടലെടുത്തിട്ടുള്ള അവിശ്വാസം യു.ഡി.എഫിനെ ബാധിക്കില്ലെന്നാണോ ?
ചില പ്രശ്നങ്ങളുണ്ട്. യു.ഡി.എഫിന് എല്ലാവരുമായും നല്ല ബന്ധമാണ്. അത് തുടരാനാണാഗ്രഹിക്കുന്നത്. തെറ്റിദ്ധാരണയില്ലാതാക്കുന്ന സമീപനമാണെന്നും സ്വീകരിച്ചിട്ടുള്ളത്.
ബി.ജെ.പി വോട്ടുനില ഉയർത്തുന്നു. യു.ഡി.എഫിന് അധികാരത്തിലെത്താൻ കോൺഗ്രസ് ഒറ്റയ്ക്ക് അമ്പതിന് മുകളിൽ സീറ്റ് നേടണം. തദ്ദേശഫലത്തിന് ശേഷമുള്ള കാലാവസ്ഥയിൽ വെല്ലുവിളികളെയെങ്ങനെ കാണുന്നു ?
കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അഞ്ചുവർഷത്തെ ഇടതുസർക്കാരിന്റെ പരാജയം ജനങ്ങളുടെ മുന്നിലുണ്ട്. മുൻ യു.ഡി.എഫ് സർക്കാരുമായുള്ള താരതമ്യം നടത്തുമ്പോളത് പ്രകടമാകും. യു.ഡി.എഫിന്റെ കാലത്തെ സാമൂഹ്യ, രാഷ്ട്രീയാന്തരീക്ഷമല്ല ഇപ്പോൾ. അത് സംഘർഷത്തിന്റെയും അക്രമത്തിന്റെയും ഏറ്റുമുട്ടലിന്റെയും കൊലപാതകത്തിന്റേതുമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും സമാധാനപൂർവമായ അന്തരീക്ഷമാണാഗ്രഹിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ തിരിച്ചുവരവ് പ്രധാനമാണ് ?
ഓരോ ജില്ലയ്ക്കും പ്രത്യേക പശ്ചാത്തലമുണ്ട്. കോൺഗ്രസിന് ഈ ജില്ലകളിൽ ലഭിക്കാവുന്ന പരമാവധി സീറ്റുകൾ കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത്. സ്ഥാനാർത്ഥിനിർണയം പ്രധാന ഘടകവുമാണ്. കൂടുതലായും യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായിരിക്കും പ്രാതിനിദ്ധ്യം.
പക്ഷേ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കാര്യത്തോടടുക്കുമ്പോൾ എല്ലാം പഴയപടി ആകുന്നതാണ് കോൺഗ്രസിലെ രീതി ?
ഇത്തവണ അതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.
കരുണാകരനായാലും ആന്റണിയായാലും ഉമ്മൻ ചാണ്ടിയായാലും പ്രതിപക്ഷനേതാവായിരുന്നയാളാണ് മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ കീഴ്‌വഴക്കം മാറുമോ ?
അത് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു തർക്കവുമുണ്ടാകാതെ ഹൈക്കമാൻഡ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കും. ഞാനൊരു കമ്മിറ്റിയുടെ ചെയർമാനായി എന്നതിന് മറ്റൊരു രാഷ്ട്രീയപ്രാധാന്യവുമില്ല. കാര്യങ്ങൾ കോ-ഓർഡിനേറ്റ് ചെയ്യാനായുള്ള കമ്മിറ്റിയാണത്. പ്രവർത്തനങ്ങൾക്ക് കമ്മിറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. വ്യക്തിയല്ല. അതുമായി മുഖ്യമന്ത്രിസ്ഥാനത്തിന് യാതൊരു ബന്ധവുമില്ല.