nivin

സിനിമയിലെത്തി 10 വർഷം പൂർത്തിയാക്കിയ മലയാളികളുടെ പ്രിയതാരം നിവിൻ പോളി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് നിവിൻ. മലർവാടി ആർട്സ് ക്ലബിലെ പ്രകാശനിൽ നിന്നും മൂത്തോനിലെത്തി നിൽക്കുമ്പോൾ താരമെന്ന നിലയിലും നടനെന്ന നിലയിലും നിവിൻ പോളി അതുല്യമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ നിവിൻ പോളിയുടെ പുതിയ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ജിമ്മിലെ വർക്കൗട്ടിനിടയിലെ താരത്തിന്റെ ചിത്രമാണ് വൈറലായത്. പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണോ താരത്തിന്റെ പുത്തൻ ലുക്ക് എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. തുറമുഖം, പടവെട്ട്, കനകം കാമിനി കലഹം, ബിസ്മി സ്‌പെഷ്യൽ, ഗ്യാംഗ്സ്റ്റർ ഒഫ് മുണ്ടൻമല എന്നിവയാണ് നിവിന്റെ പുതിയ ചിത്രങ്ങൾ. അതേ സമയം മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം തമിഴിലെ പ്രമുഖ സംവിധായകൻ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനായേക്കുമെന്നും റിപ്പോർട്ടുണ്ട്.