pin

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമീണ സ്‌കൂളുകളിലെ കുട്ടികൾപോലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്നവരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളുടെ യഥാർത്ഥ ഗുണഭോക്താക്കൾ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് 111 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ കുട്ടികൾ കൊഴിഞ്ഞ് പൊതുവിദ്യാലയങ്ങൾ തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ പാവപ്പെട്ടവർക്ക് മികച്ച വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയായിരുന്നു. സമൂഹം മുന്നോട്ടുപോകണമെങ്കിൽ എല്ലാവരും സമമായി മുന്നോട്ടുപോകണം. അതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സർക്കാർ മുന്നോട്ടുവന്നത്.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലുൾപ്പെടെ ഫലപ്രദമായി സഹായിച്ചത് കിഫ്ബിയാണ്. ഇപ്പോൾ ഏതു കുട്ടിയോടു ചോദിച്ചാലും കിഫ്ബിയെക്കുറിച്ചറിയാം. നാടിന്റെ വികസനത്തിനാകെ ഗുണമുണ്ടാക്കുന്ന ഏറ്റവും നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താനും ഇകഴ്ത്താനും ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 62,000 കോടിയുടെ പദ്ധതികളാണ് തയ്യാറാക്കിയത്. നാടിന്റെ വികസനം മാത്രമായിരുന്നു സർക്കാരിന്റെ ചിന്ത.
മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു