mm

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന്റെ സമസ്‌ത മേഖലയിലും വരുത്തേണ്ട മാറ്രങ്ങളെപ്പറ്റി കേരള സർവകലാശാല സെനറ്റ് ഹാളിൽ മുഖ്യമന്ത്രിയോട് മനസുതുറന്ന് വിദ്യാർത്ഥികൾ. തങ്ങളുടെ വ്യക്തമായ കാഴ്ചപ്പാടുകളും വരുത്തേണ്ട മാറ്റങ്ങളും ചുരുങ്ങിയ വാക്കുകളിൽ അവർ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികൾ അവതരിപ്പിച്ച നിർദ്ദേശങ്ങൾ കുറിച്ചെടുത്ത മുഖ്യമന്ത്രി അവസാനം മറുപടിയും നൽകി. തൊഴിലില്ലായ്‌മ, പഠനത്തിനൊപ്പം തൊഴിൽ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിസ്ഥിതി അവബോധം, ഗവേഷണങ്ങളുടെ പ്രാധാന്യം, ഭാഷാ പഠനം, കലാരംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ, ഭിന്നശേഷി സൗഹൃദം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾ അഭിപ്രായങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്രങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നതായിരുന്നു അവയിൽ പലതും. ഗവേഷക വിദ്യാർത്ഥികൾ സമർപ്പിക്കുന്ന പ്രബന്ധങ്ങൾ നാടിന് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഇത്തരം പ്രബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ഒരു സമിതി രൂപീകരിക്കണമെന്നുള്ള നി‌ർദ്ദേശം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ഒഴിവാക്കി സാമ്പത്തിക സംവരണം വിദ്യാഭ്യാസരംഗത്ത് ഏർപ്പെടുത്തണമെന്ന് നിർദ്ദേശത്തോട് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചു. മുൻ തലമുറകൾ അനുഭവിച്ച സാമൂഹിക അന്തരീക്ഷം വളരെ പരിതാപകരമായിരുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് നിലനിന്നിരുന്ന ജാതി വിവേചനം, തൊട്ടുകൂടായ്‌മ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദീകരിച്ചു. എല്ലാവർക്കും ഒരേസാമൂഹിക നീതി തുടരാൻ സംവരണം ആവശ്യമാണെന്നും അത് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് നിർദ്ദേശങ്ങൾ കൂടുതൽ പഠിച്ചശേഷം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രധാന നിർദ്ദേശങ്ങൾ

------------------------------------

 വിദേശ സർവകലാശാലകളിലെ അദ്ധ്യാപകരുമായുള്ള സംവാദം

 വിദേശ ഭാഷകൾ പഠിക്കാൻ സർക്കാർ സ്ഥാപനങ്ങൾ

 പ്രകൃതി സംരക്ഷണം ബിരുദതലത്തിൽ പാഠ്യവിഷയമാക്കുക

 കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക

 പ്രാക്ടിക്കൽ അധിഷ്ഠിതമായ പഠനരീതിക്ക് പ്രാധാന്യം

 മാതൃകാപരമായി കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്,

 ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുക

 നീന്തൽ, കായിക പരിശീലനം, പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം

 ഭരണഘടന, പാലിയേറ്റീവ് കെയർ, ദുരന്ത നിവാരണം വിഷയങ്ങൾ പാഠ്യവിഷയമാക്കുക,

 കലയെ പ്രോത്സാഹിപ്പിക്കുക, ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം

 പഠനകാലത്ത് വരുമാനം ലഭ്യമാക്കാൻ പദ്ധതികൾ, അദ്ധ്യാപക നിയമനം സുതാര്യമാക്കുക