doct

തിരുവനന്തപുരം: ശമ്പള പരിഷ്കരണവും കുടിശിക അലവൻസും ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നടത്തുന്ന സമരത്തിൻെറ ഭാഗമായി 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അക്കാഡമിക് ജോലികളും അദ്ധ്യയനവും ഇന്റേർണൽ ജോലികളും ബഹിഷ്കരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ബിനോയ് എസ്., സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ അറിയിച്ചു. പേ വാർഡ് അഡ്മിഷനും സ്പെഷ്യൽ ഡ്യൂട്ടികളും നിറുത്തിവച്ചിരിക്കുന്നത് തുടരും. ഒ.പി, വാർഡ് ഡ്യൂട്ടികൾ, ഓപ്പറേഷനുകൾ എന്നിവ ഭാഗികമായി തടസപ്പെടും. 18 മുതൽ അത്യാഹിത കൊവിഡ് ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും പൂർണമായി ബഹിഷ്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്. സർക്കാർ പരിഹാരത്തിന് തയ്യാറാകാത്തതുകൊണ്ടാണ് സമരം ശക്തമാക്കുന്നത്. സമരം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പൂർണഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും അവർ പറഞ്ഞു.