ksrtc-swift

തിരുവനന്തപുരം: സർവീസ് കാര്യക്ഷമമാക്കി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്നു കരകയറ്റാൻ തുടങ്ങുന്ന സ്വിഫ്ടിനെ ചാരിറ്റബിൾ സൊസൈറ്റിയായി രൂപീകരിക്കാനുള്ള നീക്കം സജീവം. കമ്പനിയാക്കുന്നതിനെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ എതിർക്കുന്ന സാഹചര്യത്തിലാണിത്. പക്ഷെ, ഇങ്ങനെ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ലാഭകേന്ദ്രമായി പ്രവർത്തിക്കുന്നതിന് പരിമിതിയുണ്ടാകുമെന്നും നിയമക്കുരുക്കിൽപ്പെടാമെന്നും വിദഗ്ദ്ധ‌ർ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ആർ.ടി.സിയുടെ റൂട്ടിൽ സഹകരണ സൊസൈറ്റി ബസുകൾക്ക് ഓടാനാവില്ല. നിലവിലെ റൂട്ട് സ്വകാര്യബസിന് നൽകുന്നതാവും ഫലം.

ട്രാവൻകൂർ കൊച്ചിൻ ലിറ്റററി ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനാണ് ഉദ്യോഗസ്ഥതലത്തിലെ ധാരണ. സൊസൈറ്റി രൂപീകരിച്ചാൽ വേറെ ഭരണ സമിതിയും വേണം. പ്രവർത്തന രീതി തന്നെ മാറും.

16ന് നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനാ നേതാക്കളെ സ്വിഫ്‌ട് രൂപീകരണ തീരുമാനം അറിയിക്കും.

തമ്മിൽ ഭേദം കമ്പനി

സ്വിഫ്ട് കമ്പനി രൂപീകരിക്കുന്നത് 10 വർഷത്തേക്കാണെന്നും ലക്ഷ്യം നേടിക്കഴിഞ്ഞാൽ പിരിച്ചു വിടുമെന്നുമാണ് കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകർ നേരത്തേ പറഞ്ഞത്. ആസ്തി എപ്പോൾ വേണമെങ്കിലും ലയിപ്പിച്ച് കമ്പനി പിരിച്ചുവിടാം. സർക്കാർ തന്നെ ഓഹരി ഉടമ ആകുമ്പോൾ തടസമുണ്ടാകില്ല. എന്നാൽ, ചാരിറ്റിബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുമ്പോൾ സാമൂഹ്യ ലക്ഷ്യം ഉൾപ്പെടെ പ്രവർത്തന രേഖയിൽ ഉൾപെടുത്തണം. ഭാവിയിൽ സൊസൈറ്റി പിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ യാത്രക്കാരന് നിയമപരമായി ചോദ്യം ചെയ്യാനും കഴിയും.