തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തക‌രെ പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തക‌ർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി വാഹനത്തിന് മുകളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. പിരിഞ്ഞുപോകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ടുതവണ കണ്ണീർവാതകം പ്രയോഗിച്ചു. ഷെൽ പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ബിസ്‌മിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സുധീ‌ർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.എസ്. നുസൂർ, എസ്.എം. ബാലു, ഷജീർ നേമം, വിനോദ് കോട്ടുകാൽ, ഷീബാ പാട്രിക്ക്, വീണ. എസ്.നായർ, റിജി റഷീദ്, നിനോ അലക്‌സ്, മഹേഷ് ചന്ദ്രൻ, ചിത്രാദാസ് തുടങ്ങിയവർ നേതൃത്വം നൽകി.