
തിരുവനന്തപുരം:കോളേജ് പ്രവേശനം മുതൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് വരെയുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള സർവകലാശാലാ സെനറ്റ് ഹാളിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
സർട്ടിഫിക്കറ്റുകൾ സമയത്ത് കിട്ടേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം ഇത്തരം കാലതാമസം അവസാനിപ്പിക്കും. ഗവേഷണം വർദ്ധിക്കണം. ഗവേഷണ കുതുകികളായ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം. വിവിധ വിഷയങ്ങൾ ഏകോപിപ്പിച്ചുള്ള കോഴ്സുകളും തൊഴിലധിഷ്ഠിത കോഴ്സുകളും നൈപുണ്യ വികസന പരിപാടികളും ആരംഭിക്കണമെന്ന നിർദ്ദേശം പരിഗണിക്കും. ഉന്നത വിദ്യാഭ്യാസത്തിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് ദേശീയതലത്തിൽ പത്തിനുള്ളിലും അന്താരാഷ്ട്രതലത്തിൽ നൂറിനുള്ളിലും സ്ഥാനം നേടണം. സ്റ്റാർട്ടഅപ്പുകളും ശക്തിപ്പെടുത്തും.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള പദ്ധതി തീരുമാനിച്ചിരുന്നു. കൊവിഡ് മൂലം നടപ്പാക്കാനായിട്ടില്ല. കൊവിഡിന് ശേഷം ഇത് നടപ്പാക്കാനാകും. വിദേശഭാഷാ പഠനത്തിനും ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളുടെ പരിശീലനത്തിനും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
ഔഷധസസ്യ ഗവേഷണം ശക്തമാക്കുമെന്ന് വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിൽ ഉന്നത നിലവാരമുള്ള അദ്ധ്യാപകരും കൂടുതൽ സ്റ്റാഫും വിദഗ്ദ്ധരും പണ്ഡിതരുമെല്ലാം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ബന്ധവും പ്രധാനമാണ്. വ്യവസായങ്ങൾക്ക് അനുയോജ്യമായി കോഴ്സുകൾ പരിഷ്‌കരിക്കണം. സർവകലാശാലകളുടെ ബോർഡ് ഒഫ് സ്റ്റഡീസിൽ വ്യവസായികളെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഡോ.കെ.ടി. ജലീൽ അദ്ധ്യക്ഷനായി. അസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, വൈസ് ചാൻസലർ വി.പി. മഹാദേവൻ പിള്ള എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് മോഡറേറ്റ് ചെയ്‌തു.