kdvr

കടയ്ക്കാവൂർ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടുമ്പോഴും ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ മാലിന്യസംസ്കരണ യൂണിറ്റ് നോക്കുകുത്തി. പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി വാങ്ങിയ യൂണിറ്റാണ് പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുള്ള കുടുംബശ്രീ യൂണിറ്റ് കെട്ടിടത്തിന്റെ മൂലയിൽ ഒതുങ്ങിയത്. 3 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കഴിഞ്ഞ ഭരണസമതി യൂണിറ്റ് വാങ്ങിയത്. ഹരിതകർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായിരുന്നു പദ്ധതി. മാലിന്യ ശേഖരണത്തിനായി നാലാം വാർഡിലെ പഴയ അങ്കണവാടി കെട്ടിടം തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിച്ചു. തുടർന്ന് പന്ത്രണ്ടാം വാർഡിൽ മറ്റൊരു സ്ഥലം കണ്ടെത്തിയെങ്കിലും ഇവിടെയും എതിർപ്പുണ്ടായതോടെ പദ്ധതി ഉപേക്ഷിച്ചു.

ഉചിതമായ സ്ഥലം കണ്ടെത്തി മാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തിപ്പിക്കണമെന്ന് കഴിഞ്ഞ ഭരണസമിതിയിലെ പ്രതിപക്ഷാംഗങ്ങളും ജനങ്ങളും ഒരുപോലെ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ മാലിന്യസംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലായി. പുതിയ ഭരണസമിതിയെങ്കിലും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രദേശവാസികൾ

"ആൾപ്പാർപ്പിലാതെ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണം. ലക്ഷങ്ങൾ മുടക്കി വാങ്ങിയ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കുടുംബശ്രീ ഓഫീസിന്റെ മൂലയിൽ ഒതുങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും."

പെരുങ്കുളം അൻസർ,​ ഗ്രാമപഞ്ചായത്തംഗം

"കഴിഞ്ഞഭരണസമിതിയുടെ കാലത്താണ് മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ മാലിന്യം ശേഖരിക്കുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്താനാകാത്തതാണ് തിരിച്ചടിയായത്. എന്തായാലും പഞ്ചായത്ത് അംഗങ്ങളുടെയെല്ലാം അഭിപ്രായം തേടി ഉചിതമായ നടപടി സ്വീകരിക്കും. "

എസ്. ഷീല പഞ്ചായത്ത് പ്രസിഡന്റ്