scole-kerala-

തിരുവനന്തപുരം: പിൻവാതിൽ നിയമനം തകൃതിയെന്ന ആക്ഷേപങ്ങൾക്കിടെ, പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്‌കോൾ കേരളയിലെ 55 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കി. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ഫയലാണ് മടക്കിയത്. മന്ത്രി സി. രവീന്ദ്രനാഥിനോട് മുഖ്യമന്ത്രി വിശദീകരണവും ആരാഞ്ഞു.

സ്‌കോൾ കേരളയിൽ പിൻവാതിൽ നിയമത്തിന് കളമൊരുങ്ങുന്നതായി കേരളകൗമുദി സെ‌പ്തംബർ 25ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വലതുപക്ഷ സംഘടകൾ ഹൈക്കോടതിയെ സമീപിച്ചു. അന്തിമ ഉത്തരവ് ഉണ്ടാകും വരെ സ്ഥിരപ്പെടുത്താൻ പാടില്ലെന്ന് ഒക്ടോബർ 14ന് ഇടക്കാല ഉത്തരവിട്ടു.

പത്തുവർഷം തുടർച്ചയായി സർവീസുള്ളവരെ മാനുഷിക പരിഗണനയിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ മറവിലാണ് സ്‌കോൾ കേരളയിലും ശുപാർശ ചെയ്തത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കരാർ ജോലിയിൽ പ്രവേശിച്ചവരാണ് പട്ടികയിലുള്ളതിൽ ഏറെയും. തുടർന്നു വന്ന യു.ഡി.എഫ് സർക്കാർ പരിച്ചുവിട്ട ഇവരെ ഈ സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. എങ്കിലും ഇവർക്ക് തുടർച്ചയായുള്ള സർവീസ് നഷ്ടമായി.

കോടതി ഉത്തരവും ജീവനക്കാർക്ക് തുടർച്ചയായി പത്തുവർഷം സർവീസ് ഇല്ലാത്തതും ചൂണ്ടിക്കാട്ടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ മടക്കിയത്. 2019 ആഗസ്റ്റ് 20നാണ് സ്‌കോൾ കേരളയിൽ 84 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായത്. ഓഫീസ് അസിസ്റ്റന്റ് മുതലുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. പി.എസ്.സിക്ക് വിടാതെ, നിയമവകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറി ജ്യോതിചൂഡനെ കൺസൾട്ടന്റായി വച്ച് സർവീസ് റൂൾസ് തയ്യാറാക്കിയാണ് താത്കാലികക്കാരെ കയറ്റിയത്.

'കോടതി ഉത്തരവ് മറിടകന്നാണ് പിൻവാതിലൂടെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. സർക്കാർ പിൻമാറിയില്ലെങ്കിൽ നിയമപരമായി നേരിടും.'

-ഒ. ഷൗക്കത്തലി,

സ്‌കോൾ കേരള

മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം