governor

തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗത്തിൽ വെയിറ്റേജ് മാർക്ക് ദാനം ചെയ്ത് അസി. പ്രൊഫസർ നിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗവർണർക്ക് സേവ് എഡ്യൂക്കേഷൻ ഫോറം പരാതി നൽകി. ഇടത് അനുകൂല കോൺട്രാക്ട് അദ്ധ്യാപക സംഘടന ഉണ്ടാക്കുന്നതിന് നേതൃത്വം നൽകിയ അദ്ധ്യാപകാണ് മാർക്ക് ദാനത്തിലൂടെ നിയമനം നൽകിയത്.

2017 നവംബർ 27ന് ഇറക്കിയ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബർ 28 ആയിരുന്നു. ഈ കാലാവധിക്ക് മുമ്പുള്ള വിദ്യാഭ്യാസ യോഗ്യതകളും ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും മാത്രമേ നിയമനത്തിനായി പരിഗണിക്കൂ. എന്നാൽ, വേണ്ടപ്പെട്ടയാൾക്ക് നിയമം നൽകാൻ, 2018 ജൂലായിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 8 മാർക്ക് അനധികൃതമായി ദാനം നൽകി. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകൾ സഹിതമാണ് പരാതി നൽകിയത്. അസി. പ്രൊഫസറുടെ അടിസ്ഥാന യോഗ്യതയായ യു.ജി.സി നെ​റ്റും നിയമനം ലഭിച്ചയാൾക്കില്ലെന്ന് പരാതിയിലുണ്ട്.