
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പണം വാങ്ങി 74 വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയതായി കണ്ടെത്തിയ സെക്‌ഷൻ ഓഫീസർ വി. വിനോദിനെ പ്രതിയാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തു. വഞ്ചന, ഐ.ടി നിയമത്തിലെ വകുപ്പുകൾ അടക്കം കുറ്റങ്ങൾ ചുമത്തി. പ്രോ വൈസ്ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിലെ വിദ്യാർത്ഥികൾക്ക് വിനോദ് മാർക്ക് തിരുത്തിനൽകിയെന്ന് കണ്ടെത്തിയിരുന്നു. അർഹതയില്ലാത്ത വിദ്യാർത്ഥിക്ക് ഗ്രേസ് മാർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സെക്‌ഷൻ ഓഫീസർ മാർക്ക് തിരുത്തി നൽകിയത് പണം വാങ്ങിയാണെന്ന് ആറ് വിദ്യാർത്ഥികൾ പി.വി.സിയുടെ അന്വേഷണ സമിതിക്ക് മൊഴി നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് സർവകലാശാല പരാതി നൽകിയതിനെത്തുടർന്നാണ് കേസ്. 2008ലെ വിവാദ അസിസ്റ്റന്റ് നിയമന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശിയാണ് പ്രതിയാക്കപ്പെട്ട ഉദ്യോഗസ്ഥൻ.