
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഈ മാസത്തെ ശമ്പളം, പെൻഷൻ വിതരണം മുടങ്ങി. ശമ്പളത്തിന് ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല. ലോക്ക് ഡൗണിന് ശേഷം സർക്കാരാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകുന്നത്. എന്നാൽ വരുമാനം കൂടിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തന്നെ ശമ്പളം വിതരണം ചെയ്യണമെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. 69 കോടി രൂപയാണ് ശമ്പള വിതരണത്തിനായി കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോടി രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ശമ്പളം പൂർണമായി വിതരണം ചെയ്യാൻ സാധിക്കില്ല. ധനവകുപ്പ് നൽകുന്ന പണം കൊണ്ട് ഭാഗീകമായി ശമ്പളം വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കെ.എസ്.ആർ.ടി.സിയിൽ സർക്കാർ പരിഷ്കാരം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ തൊഴിലാളി സംഘടനകൾ എതിർക്കുന്ന സാഹചര്യത്തിലാണ് ശമ്പളം മുടങ്ങുന്നത്. സഹകരണ സംഘങ്ങൾക്ക് തുക അനുവദിക്കാൻ വൈകിയതാണ് പെൻഷൻ മുടങ്ങാൻ കാരണം. തിങ്കളാഴ്ച പെൻഷൻ നൽകാനുള്ള പണം അനുവദിച്ചേക്കും.