
തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭ അവകാശ സംരക്ഷണ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ 72 മണിക്കൂർ രാപ്പകൽ സമരം ഇന്നലെ സമാപിച്ചു.യാക്കോബായ സഭാംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും ദേവാലയ സ്വത്തവകാശവും നിലനിർത്തുവാൻ തക്കവിധത്തിൽ സർക്കാർ നിയമ നിർമ്മാണം നടത്തുമെന്ന പ്രതീക്ഷയിലാണ് സഭയെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സമര സമിതി ജനറൽ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപോലീത്ത പറഞ്ഞു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ മുതൽ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ വൈദികരും വിശ്യാസികളും സെക്രട്ടറിയേറ്റിനു മുന്നിൽ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും.
സമര സമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ് ,നിരണം ഭദ്രാസന സെക്രട്ടറി ഫാ. എം. ജെ. ഡാനിയേൽ, ഫാ. റോയ് ജോർജ് കട്ടച്ചിറ, സഭാ സൺഡേ സ്‌കൂൾ പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. സാബു സാമുവൽ, സഭ വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. തോമസ് പൂതിയോട്ട്, ഡീക്കൻ തോമസ് കയ്യത്ര, ഷെവലിയാർ അലക്സ് എം ജോർജ്, ഡോ. കോശി എം ജോർജ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.