d

തിരുവനന്തപുരം: ജില്ലയിൽ സാന്ത്വന സ്‌പർശം അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലും ഒമ്പതിന് ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലും 11ന് എസ്.എം.വി സ്‌കൂളിലും അദാലത്ത് നടക്കും. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്ന് അദാലത്തിന്റെ ചുമതലയുള്ള സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, ഡോ.ടി.എം. തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. കിടപ്പുരോഗികൾ, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർ, കുട്ടികൾ തുടങ്ങിയവർ നേരിട്ടെത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികളെ അയക്കാം. അദാലത്തിലേക്കെത്തുന്നവർ പരാതികളുമായി ബന്ധപ്പെട്ട വകുപ്പിന്റെ സ്റ്റാളിലെത്തി അപേക്ഷ സംബന്ധിച്ച മറുപടിയും തീർപ്പും കൈപ്പറ്റണം. മന്ത്രിമാരുടെ തലത്തിൽ തീർപ്പാക്കേണ്ട പരാതികളുള്ളവരെ പ്രത്യേക ടോക്കൺ നൽകി ഹാളിലേക്കു പ്രവേശിപ്പിക്കും. അദാലത്തിൽ ഇതുവരെ ലഭിച്ച പരാതികൾ ഇന്നലെ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. അദാലത്ത് ആരംഭിക്കുന്നതിനു മുമ്പ് മുഴുവൻ പരാതികളും തീർപ്പാക്കാൻ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശം നൽകി. ഇതിനായി ആവശ്യമെങ്കിൽ അവധി ദിനമായ ഞായറാഴ്ചയും ഓഫീസുകൾ പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

 കരുതൽ കുറയ്ക്കില്ല

വേദിയുടെ പ്രധാന ഗേറ്റിൽ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസർ നൽകി മാത്രമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ സംഘവും സ്ഥലത്തു ക്യാമ്പ് ചെയ്യും.

 ഒരു ദിവസം രണ്ട് താലൂക്കുകൾ

രണ്ടു താലൂക്കുകൾക്ക് ഒരു ദിവസം എന്ന നിലയ്ക്കാണ് അദാലത്ത് സമയം ക്രമീകരിച്ചിരിക്കുന്നത്. നാളെ നെയ്യാറ്റിൻകര ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിലെയും രണ്ട് മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലെയും പരാതികൾ പരിശോധിക്കും.