തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി നിർമിച്ച 18 ഹൈ ടെക്ക് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. രണ്ട് സ്‌കൂൾ കെട്ടിടങ്ങൾ കിഫ്ബിയുടെ അഞ്ചുകോടി രൂപ ചെലവഴിച്ചും നാലു കെട്ടിടങ്ങൾ കിഫ്ബിയുടെ മൂന്നുകോടി ചെലവഴിച്ചുമാണ് നിർമിച്ചത്. സർക്കാർ പ്ലാൻ ഫണ്ടുപയോഗിച്ചാണ് ബാക്കിയുള്ള 12 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
തകർച്ചയുടെ വക്കിലെത്തിയ പൊതുവിദ്യാഭ്യാസ മേഖലയെ കരകയറ്റാൻ സർക്കാരിനു കഴിഞ്ഞെന്ന് ഓൺലൈനായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവ.എൽ.പി.എസ് കന്യാകുളങ്ങര, ഗവ. എച്ച്.എസ് നടയറ, ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ, ഗവ.എച്ച്.എസ്.എസ് പകൽക്കുറി, ഗവ.എൽ.പി.എസ് മടവൂർ, ഗവ.എൽ.പി.എസ് പൂവാർ, ഗവ.യു.പി.എസ് നേമം, ഗവ.എൽ.പി.എസ് പൂഴനാട്, ഗവ.എൽ.പി.എസ് ഒറ്റശേഖരമംഗലം, ഗവ.എൽ.പി.എസ് വിളപ്പിൽ, ഗവ.യു. പി. എസ് പാലവിള, ഗവ.എച്ച്.എസ്.എസ് ഇളമ്പ, ഗവ.എച്ച്.എസ്.എസ് നെയ്യാർ ഡാം, ഗവ.എച്ച്.എസ്.എസ് ഭരതന്നൂർ, ഗവ.എച്ച്.എസ്.എസ് വെള്ളനാട്, ഗവ.എം. എച്ച്.എസ്.എസ് വർക്കല, ഗവ.എച്ച്.എസ്.എസ് പ്ലാവൂർ, ഗവ.എൽ.പി.എസ് ചീരണിക്കാര എന്നീ സ്‌കൂളുകളിലാണ് അത്യാധുനിക നിലവാരത്തിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. ഹൈടെക് ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി, കളിസ്ഥലം, ടോയ്ലെറ്റ് സംവിധാനങ്ങൾ, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് ഓരോ കെട്ടിടങ്ങളും. സംസ്ഥാനതലത്തിൽ ഓൺലൈനായ നടന്ന ചടങ്ങിനൊപ്പം ജില്ലയിലെ 18 സ്‌കൂളുകളിലും അതത് എം.എൽ.എമാർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേർന്നു.