പൂവാർ: കൊവിഡ് ഭീതി മാറുന്നതോടെ തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ പൂവാർ ഡിപ്പോയിൽ നിന്ന് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാനാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കോവളം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പൂവാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ 50 ശതമാനം സർവീസ് മാത്രമാണ് നടത്തുന്നത്. എന്നിട്ടും മികച്ച കളക്ഷന്റെ കാര്യത്തിൽ കേരളത്തിലെ 10 ഡിപ്പോകളിൽ ഒന്നാണ് പൂവാറെന്നും മന്ത്രി പറഞ്ഞു. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസി.എക്സിക്യൂട്ടീവ് എൻജിനിയർ സി.ആർ. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെെൻ ഡാർവിൻ, പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൂര്യ എസ്. പ്രേം , അഡ്വ.സി.കെ .വത്സലകുമാർ, വാർഡ് മെമ്പർ സുനില ഖാദർ തുടങ്ങിയവർ സംസാരിച്ചു.