pk-krishnadas

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദക്കെതിരെ കേസെടുത്തതും ഹിന്ദുഐക്യവേദി നേതാവ് ആർ.വി ബാബുവിനെ അറസ്റ്റ് ചെയ്തതും ഹിന്ദു- മുസ്ലിം വിഭാഗീയത സൃഷ്ടിക്കാനാണെന്ന് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിലരെ പ്രീണിപ്പിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന ധാരണ അപകടകരമാണ്.

കേസ് പിൻവലിക്കണം. നദ്ദ പങ്കെടുത്ത പരിപാടിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായില്ല. സംസ്ഥാനത്തെ മന്ത്രിമാരാണ് പ്രോട്ടോക്കോൾ ലംഘിക്കുന്നത്. കണ്ണൂരിൽ പ്രോട്ടോക്കോൾ ലംഘിച്ചതിന് മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി.ജയരാജൻ എന്നിവർക്കെതിരെ കേസ് എടുക്കണം.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത് തട്ടിപ്പാണ്. ഒഴിവുകളിൽ പിൻവാതിൽ നിയമനം നടത്തിയശേഷം റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിട്ടെന്തു പ്രയോജനം. യുവജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ശബരിമലയിൽ ആചാര ലംഘനത്തിനു മുഖ്യമന്ത്രിയാണ് നേതൃത്വം നൽകിയത്. വിധിവന്നശേഷം ചർച്ച ചെയ്യും എന്നത് വോട്ടുതട്ടാനുള്ള അടവാണ്. ആത്മാർത്ഥത ഉണ്ടെങ്കിൽ സുപ്രീം കോടതി വിധി വരുന്നതിനു മുമ്പ് ഹൈന്ദവ സംഘടനകളുമായി ചർച്ച ചെയ്യാമായിരുന്നു.