
കാസർകോട് : കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാട് നാലു പേരുടെ മരണത്തിനും ആറു പേർക്ക് പരിക്കേൽക്കാനിടയുമായ ദാരുണമായ അപകടത്തിനിടയാക്കിയ ബസ് ഡ്രൈവർ മുന്നാട് വാവടുക്കം രാമകൃഷ്ണനെ നാലു വർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ച കീഴ്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളി.
ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. ടി. നിർമലയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. 2012 ഡിസംബർ 26 ന് പൂച്ചക്കാടാണ് ഈ അപകടം നടന്നത്. ബേക്കലിൽ നിന്നും കാഞ്ഞങ്ങാടേക്കു പോവുകയായിരുന്ന ഷഹനാസ് ബസിലെ ഡ്രൈവറായ പ്രതി മറ്റൊരു ബസുമായി മത്സര ഓട്ടത്തിനിടയിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് യാത്രക്കാരുമായി നിർത്തിട്ടിയിരുന്ന ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്നു പേരും മരിച്ചു. 6 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അജാനൂർ കടപ്പുറത്തു നിന്നും മലാംകുന്നിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ റോഡിൽ നിന്നും മാറ്റി നിർത്തി കുട്ടികൾക്ക് കുടിക്കാൻ വെള്ളം കൊടുക്കുമ്പോഴാണ് ബസ് ഇടിച്ചത്.
പ്രതിയുടെ അമിതവേഗതയും ജാഗ്രതയില്ലായ്മയുമാണ് അപകടത്തിനു കാരണമെന്ന് ബോധ്യപ്പെട്ടാണ് കാഞ്ഞങ്ങാട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. സംഭവ സമയം ബസ് ഓടിച്ചത് പ്രതിയല്ലെന്നും മറ്റും പ്രതിഭാഗം വാദിച്ചെങ്കിലും അതെല്ലാം തള്ളിക്കൊണ്ടാണ് അഡീഷണൽ സെഷൻസ് കോടതി പ്രതിയുടെ ശിക്ഷ ശരിവെച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂടർ അഡ്വ. കെ ബാലകൃഷ്ണൻ ഹാജരായി.