
തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാനും ആചാരസംരക്ഷണത്തിനും നിയമനിർമ്മാണമെന്ന തുറുപ്പുചീട്ടിറക്കിയ യു.ഡി.എഫ് അതിന്റെ കരട്ബില്ല് പുറത്തു വിടുകയും, വോട്ട് രാഷ്ട്രീയമെന്ന വിമർശനവുമായി സി. പി. എം ഏറ്റുപിടിക്കുകയും ചെയ്തതോടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല സജീവ വിഷയമാകുമെന്നുറപ്പായി.
സുപ്രീംകോടതിയുടെ വിശാലബെഞ്ച് പുനഃപരിശോധിക്കുന്ന വിഷയത്തിൽ ഏത് ഭരണഘടനയും നിയമവുമനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കുന്നതെന്നാണ് സി.പി.എമ്മിന്റെ പരിഹാസം. യുവതീപ്രവേശന വിധിക്കെതിരായ റിവ്യൂ ഹർജികളിൽ വിശാലബെഞ്ച് തീരുമാനമെടുത്താൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് നിലപാടെടുക്കാം. വിശാല ബെഞ്ചിന്റെ പരിഗണനയിലായതിനാൽ തന്നെ ഇപ്പോൾ അതൊരു ചർച്ചാവിഷയമല്ലെന്നും സി.പി.എം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനുള്ള യു. ഡി. എഫ് തന്ത്രമായി കണ്ടുള്ള പ്രചാരണത്തിന് ഇടതുമുന്നണി ഒരുങ്ങുമ്പോൾ, പ്രചാരണത്തിൽ ശബരിമലയെ വിടില്ലെന്നാണ് കരട് ബില്ലിലൂടെ യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണെന്ന് വ്യക്തമാക്കുന്ന ബില്ലിൽ ആചാരലംഘനത്തിന് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിയമനിർമ്മാണം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടായിരുന്നു. എങ്കിൽ ബില്ലിന്റെ കരട് പുറത്തുവിടാൻ മന്ത്രി എ.കെ. ബാലൻ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇന്നലെ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ബിൽ പുറത്തുവിട്ടത്. നിലപാട് ആത്മാർത്ഥമാണെന്ന് സ്ഥാപിച്ച് വിശ്വാസി വികാരം മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമം. റിവ്യൂ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുമ്പോൾ, യുവതീ പ്രവേശനത്തിന് അനുകൂലമായ സർക്കാരിന്റെ സത്യവാങ്മൂലം തിരുത്തി ആചാരസംരക്ഷണം ഉറപ്പാക്കുന്ന സത്യവാങ്മൂലം നൽകണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു.
''ഇത് വ്യാജബില്ലാണ്. കോടതി വിധിക്ക് മുകളിൽ ഇങ്ങനൊരു നിയമം പാസാക്കാൻ സംസ്ഥാനത്തിനാവില്ല. ജനങ്ങളെ പറ്റിക്കാനാണിത്.''
--എ. വിജയരാഘവൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
കോളിളക്കങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്ന യുവതീപ്രവേശന വിധി സംസ്ഥാനത്ത് നാമജപ സമരമടക്കം കോളിളക്കമുണ്ടാക്കിയിരുന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലൂടെ പ്രതിരോധത്തിന് ശ്രമിച്ച സർക്കാർ വനിതാ മതിലും സംഘടിപ്പിച്ച് കോടതിവിധി ഉയർത്തിപ്പിടിച്ചു. പ്രക്ഷോഭത്തിന് ബി.ജെ.പി ഇറങ്ങിയതോടെ സംഘർഷാവസ്ഥയായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി സി.പി.എം വിലയിരുത്തിയത്, യുവതീപ്രവേശന വിധിയുടെ പേരിൽ ചിലർ തെറ്റിദ്ധാരണ പരത്തിയതാണ്. തെറ്റിദ്ധാരണ മാറ്റാൻ ഗൃഹസന്ദർശനത്തിലേക്കടക്കം സി.പി.എം നീങ്ങി. തദ്ദേശതിരഞ്ഞെടുപ്പിലും ഇത് വിഷയമാക്കാനുള്ള ശ്രമമുണ്ടായെങ്കിലും ഫലിച്ചില്ല.
ആചാരം ലംഘിച്ചാൽ 2 വർഷം ജയിലെന്ന് യു.ഡി.എഫ്
ശബരിമല യുവതീപ്രവേശനം തടയാൻ യു.ഡി.എഫ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലിയാണ് കരട് തയ്യാറാക്കിയത്.ആചാരം ലംഘിച്ചു കയറുന്ന യുവതികൾക്ക് രണ്ടു വർഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിൽ, ആചാരങ്ങൾ നിശ്ചയിക്കാനുള്ള പരമാധികാരം തന്ത്രിക്കാണെന്ന് വ്യക്തമാക്കുന്നു.