c

തിരുവനന്തപുരം: കൊവിഡ് ബാധിതരായിട്ടും കണ്ടെത്താതെപോയവരുടെ എണ്ണം സംസ്ഥാനത്ത് ദേശീയശരാശരിയുടെ പകുതിമാത്രം. കൊവിഡിന്റെ നിശബ്ദവ്യാപനം അറിയാൻ ഐ.സി.എം.ആർ നടത്തിയ മൂന്നാമത് സീറോ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2020മേയ്, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. ദേശീയ തലത്തിൽ 21 ശതമാനം പേരിൽ കൊവിഡ് വന്നുപോയപ്പോൾ സംസ്ഥാനത്ത് 11.6 ശതമാനംപേരിലാണ്‌ കൊവിഡ് ബാധതിരിച്ചറിയാതെ പോയത്. സംസ്ഥാനം നടത്തിയ പരിശോധനകൾ,കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈൻ, ഐസൊലേഷൻ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളാണ്‌ കൊവിഡിന്റെ നിശബ്ദവ്യാപനത്തെ ചെറുക്കാൻ സഹായിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സർവയലൻസ് പഠനം നടത്തിയത്.