crime
മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ഡ്രയർ

 കമ്പനിയിലെ രണ്ടു കരാറുകാർക്ക് പോളിഗ്രാഫ് പരിശോധന

കിഴക്കമ്പലം: എട്ടുമാസംമുമ്പ് പട്ടിമറ്റത്തെ പ്ളൈവുഡ് കമ്പനിയിലെ ഫർണസിൽ മൃതദേഹം കണ്ടെത്തിയ കേസ് വഴിത്തിരിവിൽ, മരിച്ചയാൾ ആസാം സ്വദേശിയാണെന്ന് സൂചന. പട്ടിമ​റ്റത്ത് പി.പി. റോഡിലെ ജെ.ജെ പ്ളൈവുഡ് കമ്പനിയുടെ ഫർണസിൽ പുകക്കുഴലിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ സംശയനിഴലിലുള്ള രണ്ട് അന്യ സംസ്ഥാനക്കാരായ ലേബർ കോൺട്രാക്റ്റർമാരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണം അവസാന ഘട്ടത്തിലേയ്ക്കെത്തി.

കമ്പനിയിലെ ഒരു തൊഴിലാളിയെ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. കഴിഞ്ഞ മേയ് 23 നാണ് ഫർണസിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു മാസം പഴക്കമുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിൽ വിവരം ലഭിച്ചിരുന്നു. മുഴുവൻ ജീവനക്കാരെയും ചോദ്യംചെയ്യുന്നതിനിടെ സംശയിക്കുന്ന കരാറുകാരിൽ ഒരാൾ ജോലിക്കാരിൽ ഒരാളെ കാണാതായവിവരം മനപ്പൂർവ്വം മറച്ചുവെച്ചതായി അന്വേഷണത്തിൽ അന്നേ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേക്കെത്തിയശേഷം കാണാതായവരെക്കുറിച്ചുള്ള കേസുകളെ സംബന്ധിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ആസാമിൽനിന്നും കേരളത്തിലെത്തി കാണാതായ ഒരാൾ ഇതേ കമ്പനിയിൽ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പുവരെ ജോലി ചെയ്തിരുന്നതായ നിർണായക വിവരം ലഭിച്ചത്. ഇയാളുടെ സഹോദരനെ ആസാമിൽ നിന്നെത്തിച്ച് ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി അടച്ചിട്ടിരുന്ന കമ്പനി തുറന്നപ്പോൾ പുകക്കുഴലിന്റെ താഴ് ഭാഗത്ത് പുക വമിക്കുന്നത് കണ്ടാണ് ചാരം അടിയുന്ന ചിമ്മിനിയുടെഭാഗം തുറന്നത്. ഇവിടെയായിരുന്നു ജഡാവശിഷ്ടങ്ങൾ. ഇവിടെ ചുരുണ്ട് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുറംഭാഗം കത്തിക്കരിഞ്ഞ നിലയിലും ഉൾഭാഗം അഴുകിയ നിലയിലും ചിമ്മിനിയുടെ അടപ്പ് തുറന്ന് താഴെനിന്ന് തള്ളിക്കയ​റ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാന ഷെഡിൽനിന്നും അല്പം മാറിയാണ് ചിമ്മിനിയും, പുകക്കുഴലും. കമ്പനിയുടെ ഉള്ളിൽ കയറാതെ ഇവിടേയ്ക്ക് പ്രവേശിക്കാനുമാകും. കമ്പനിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് കൊലപാതകത്തിനു പിന്നിലെന്ന് അന്നേ പൊലീസിന് ബോദ്ധ്യപ്പെട്ടിരുന്നു. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.