containment

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം കർശനമാക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടണമെന്നും നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യ സംഘത്തിന്റെ നിർദേശം. ഇളവുകൾ വ്യാപകമായ സാഹചര്യത്തിൽ ഇനി കണ്ടെയ്ൻമെന്റ് സോണുകൾ വർദ്ധിപ്പിക്കുന്നതും നിയന്ത്രണം കർശനമാക്കുന്നതും പ്രായോഗികമല്ലെന്ന നിലപാടിലാണ് സംസ്ഥാനം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടക്കത്തിൽ പിടിച്ചു നിറുത്താനായത് കണ്ടെയ്ൻമെന്റ് സോണുകൾ തിരിച്ചുള്ള ശക്തമായ ഇടപെടൽകൊണ്ടാണെന്ന് സംഘം ചൂണ്ടിക്കാട്ടി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിൽ അശങ്ക അറിയിച്ച സംഘം പരിശോധന കൂട്ടണമെന്നും അഭിപ്രായപ്പെട്ടു. നാലുദിവസമായി തിരുവനന്തപുരം, എറണാകുളം കോട്ടയം ജില്ലകൾ സന്ദർശിച്ച സംഘം, കളക്ടർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചകളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ പ്രവർത്തനം കർശനമാക്കണമെന്ന നിർദേശമാണ് നൽകിയത്.

ഇന്നലെ മടങ്ങുന്നതിന് മുമ്പ് മന്ത്രി കെ.കെ.ശൈലജ, ആരോഗ്യസെക്രട്ടറി രാജൻ ഖോബ്രഗഡേ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ.രുചി ജെയിൻ, ഡോ. രവീന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞമാസം ഏഴിനും കേന്ദ്രസംഘം എത്തി പ്രവർത്തനം വിലയിരുത്തിയിരുന്നു. അന്ന് പൂർണ തൃപ്തി അറിയിച്ചാണ് മടങ്ങിയത്.