ll

കിളിമാനൂർ: ഭാരതീയ ചിത്രകലയ്ക്ക് ആഗോള പ്രശസ്‌തി നൽകിയ വരകളുടെ തമ്പുരാൻ രാജാ രവിവർമ്മയ്ക്ക് അദ്ദേഹത്തിന്റെ ജന്മ നാട്ടിൽ സ്‌ക്വയർ ഒരുങ്ങുന്നു. രാജാ രവിവർമ്മയുടെ സ്‌മാരകമായി അന്തർദ്ദേശീയ നിലവാരത്തിലുള്ള ആർട്ടിസ്റ്റ് സ്‌ക്വയറാണ് നിർമ്മിക്കുന്നത്. രവിവർമ്മയെയും ചിത്രങ്ങളെയും അധികാരികൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനത്തിലും ചരമദിനത്തിലും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ മാത്രമാണന്ന ആരാധകരുടെയും നാട്ടുകാരുടെയും പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. ലളിതകലാ അക്കാഡമിയുടെ നിയന്ത്രണത്തിലായിരിക്കും ആർട്ടിസ്റ്റ് സ്‌ക്വയർ പ്രവർത്തിക്കുക. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാകും സ്‌ക്വയർ നിർമ്മിക്കുക. ലളിതകലാ അക്കാഡമിയുടെ നിയന്ത്രണത്തിൽ നിലവിൽ തുക അനുവദിക്കപ്പെട്ട് നിർമ്മാണം പുരോഗമിക്കുന്ന കലാഗ്രാമത്തിനും ആർട്ടിസ്റ്റ് റസിഡന്റ്സി സ്റ്റുഡിയോയ്ക്കും പുറമേയാണിത്.

ലക്ഷ്യം

-------------------

വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള പ്ലാറ്റ് ഫോം,

രവിവർമ്മ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കേന്ദ്രം, വിവിധ പ്രദേശങ്ങളിലുള്ള കലാസ്വാദകർക്ക്

ഒത്തുകൂടാൻ സ്ഥലം, പാർക്ക് എന്നിവയാണുള്ളത്.

നിലവിൽ നിർമ്മാണം നടക്കുന്നത്

--------------------------------------------------

കലാസ്വാദകർക്കും കലാകാരന്മാർക്കും താമസിക്കുന്നതിനും വിവിധ കലകൾ അഭ്യസിക്കുന്നതിനും ഒരിടമെന്ന നിലയിൽ ഒരു കലാഗ്രാമം. കിളിമാനൂരിൽ ലളിതകലാ അക്കാഡമിയുടെ കീഴിലുള്ള രാജാ രവിവർമ്മ സാംസ്‌കാരിക നിലയത്തോട് ചേർന്നാണ് പുതിയ മന്ദിര നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. പ്രകൃതി സൗഹൃദപരമായി ഭൂമിയുടെ കിടപ്പിന് അനുസരിച്ചുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. കേരളീയ വാസ്‌തു ശൈലിയിലാണ് കെട്ടിടം. സാംസ്‌കാരിക കേന്ദ്രത്തിൽ രവിവർമ്മ ചിത്രങ്ങളുടെ ആർട്ട് ഗാലറി, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയാണ് നിലവിലുള്ളത്.

പദ്ധതി തുക - 2 കോടി

രവിവർമ്മയുടെ പേരിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്ക്വയർ, രവിവർമ്മയുടെ സ്‌മരണകളുള്ള രവിവർമ്മ സ്‌മാരക നിലയവും കലാ ഗ്രാമവും കൊട്ടാരവുമുള്ള അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഇത്തരം ഒരു പദ്ധതി കൂടി വരുന്നതോടെ വലിയ മാറ്റമുണ്ടാകും

ബി. സത്യൻ എം.എൽ.എ