
തിരുവനന്തപുരം: "സർക്കാർ സർവ്വീസിലെ വഴി പിഴച്ചവരെ തള്ളാനുള്ള ഇടമായി കാസർകോടിനെ മാറ്റരുത്. കാസർകോട്ടെ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കണം. കാസർകോട്ട് ലോ കോളേജ് വേണം..''
- യു.ഡി.എഫ് പ്രകടനപത്രികയ്‌ക്ക് രൂപം നൽകാൻ ശശി തരൂർ എം. പി ഇന്നലെ തിരുവനന്തപുരത്ത് യുവജനങ്ങളുമായി നടത്തിയ സംവാദത്തിൽ കാസർകോട്ടുകാരനായ സയ്യിദ് അനസ് അബ്ദുള്ളയുടെ നിർദ്ദേശമാണിത്.
കാസർകോട്ട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കളാണ് 'ലോകോത്തര കേരളം, യുവതയുടെ കാഴ്ചപ്പാടറിയാൻ' എന്ന സംവാദത്തിൽ പങ്കെടുത്തത്. എല്ലാം കേട്ടും വ്യക്തത വരുത്തിയും ശശി തരൂർ യുവജനങ്ങളെ കൈയിലെടുത്തു.
ബെന്നി ബെഹനാൻ എം.പി, ഡോ.എം.കെ. മുനീർ എം.എൽ.എ എന്നിവരും പങ്കെടുത്തു.
യുവതയുടെ നിർദ്ദേശങ്ങൾ
റീജിയണൽ കാൻസർ സെന്ററിലെ തിരക്കൊഴിവാക്കാൻ ജില്ലകളിൽ സഞ്ചരിക്കുന്ന കീമോ തെറാപ്പി യൂണിറ്റുകൾ. മന്ത്രിസഭയിൽ 50% വനിതാ പ്രാതിനിദ്ധ്യം.
ഉന്നത വിദ്യാഭ്യാസത്തിൽ അക്കാഡമിക് കലണ്ടർ. പരീക്ഷാ നടത്തിപ്പിലും ഗവേഷണത്തിലും വിദ്യാർത്ഥി സൗഹൃദാന്തരീക്ഷം വേണം. വിദ്യാർത്ഥി പ്രതിനിധികൾക്കും തീരുമാനത്തിൽ പങ്കാളിത്തമുണ്ടാകണം. ഉന്നതവിദ്യാഭ്യാസത്തെ ജോലിയുമായി ബന്ധപ്പെടുത്തണം. വ്യവസായ സംരംഭങ്ങളിലെ ജോലികൾ കോളേജ് വിദ്യാർത്ഥികളെ ഏല്പിക്കാൻ സംവിധാനം വേണം. പരിസ്ഥിതി സൗഹൃദം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അഴുക്കുചാലുകൾ മാലിന്യസംസ്കരണ യൂണിറ്റുമായി ബന്ധിപ്പിക്കണം. ആഗോളതാപനം രൂക്ഷമാകുന്നതിനാൽ കേരളത്തിന് കാർബൺ ബഡ്ജറ്റ് പ്രഖ്യാപിക്കണം. ഗ്രാമങ്ങളിൽ തടസമില്ലാത്ത ഇന്റർനെറ്റ്. വിദ്യാർത്ഥികൾക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഇന്റർനെറ്റ്. ചിത്രാഞ്ജലി സ്റ്റുഡിയോ രാമോജിറാവു ഫിലിം സിറ്റിയുടെ മാതൃകയിൽ വികസിപ്പിക്കണം.
''പതിന്നാലാം നൂറ്രാണ്ടിലെ ആശയവുമായി ഒരു വിഭാഗം രാഷ്ട്രീയപ്രവർത്തനം നടത്തുമ്പോൾ മറ്റൊരു വിഭാഗം 19ാം നൂറ്റാണ്ടിലേക്കാണ് നമ്മെ നയിക്കുന്നത്. 21ാം നൂറ്റാണ്ടിലേക്ക് കേരളത്തെ നടത്തിക്കാൻ കോൺഗ്രസിനേ ആകൂ. അതിനാണ് യുവാക്കളുടെ മനസറിഞ്ഞ് ആശയങ്ങൾ സ്വരൂപിക്കുന്നത''.
ശശി തരൂർ