sabith

കൊടുങ്ങല്ലൂർ: പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കാസർകോട് നിർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ കസട എന്നറിയപ്പെടുന്ന സാബിതിനെയാണ് (21) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ബൈപാസ് റോഡിലെയും,​ മൂന്നുപീടിക, എറണാകുളം, കാസർകോട് എന്നിവിടങ്ങളിലടക്കം നിരവധി പെട്രോൾ പമ്പ് ഓഫീസുകൾ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതിയാണ് ഇയാൾ.

പോക്‌സോ കേസടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നേരത്തെ കൊടുങ്ങല്ലൂർ സി.എച്ച്.ഒ: പി.കെ പത്മരാജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മറ്റ് പ്രതികളായ മസൂദ് എന്ന മച്ചു,​ അലി അസ്‌ക്കർ, അമീർ എന്നിവരെ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയിരുന്നു.

ബൈപാസ് റോഡിലെ പമ്പിൽ നിന്നും സെപ്തംബർ 16നാണ് സാബിതും അലി അസ്‌ക്കറും ചേർന്ന് കവർച്ച നടത്തിയത്. പമ്പ് ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയടങ്ങിയ കാഷ്‌ ബാഗാണ് സംഘം മോഷ്ടിച്ചത്. പ്രതി സാബിത്തിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ: ഇ.ആർ ബൈജു, ബസന്ത്, എ.എസ്.ഐ: സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.ജി ഗോപകുമാർ, കെ.എസ് സുമേഷ്, സി.കെ ബിജു, ടി.എസ് സുനിൽകുമാർ, ടി.എസ് ചഞ്ചൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.