
ഓയൂർ: പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരനടക്കം നാല് യുവാക്കളെ കൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചി വിളവീട്ടിൽ വിഷ്ണു (19), മാരൂർ പാറവിള പുത്തൻവീട്ടിൽ അനന്ദു പ്രസാദ്, പോച്ചക്കളം പ്രസൂൻ നിവാസിൽ പ്രവീൺ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
കഴിഞ്ഞ 29ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽ വെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ (21), നല്ലില സ്വദേശി ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21), പഴഞ്ഞാലം സ്വദേശി റഫീഖ് (22), നെടുമ്പന മുട്ടക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവർ റിമാൻഡിലാണ്. പെൺകുട്ടിയെ കൊല്ലം ചൈൽഡ് ലൈനിൽ പാർപ്പിച്ചിരിക്കുകയാണ്. കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
പൂയപ്പള്ളി എസ്.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻ ബാബു, എ.എസ്.ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.