
മലയിൻകീഴ്: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. യൂണിറ്റ് സെക്രട്ടറി മലയിൻകീഴ് പെരുകാവ് വട്ടവിളയിൽ വിപിൻ ദാസിന്റെ വീടിന് നേരെ ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു ആക്രമണമുണ്ടായത്.
രണ്ടാംവർഷ ഇസ്ളാമിക് ഹിസ്റ്ററി പി.ജി വിദ്യാർത്ഥിയാണ് വിപിൻദാസ്. സംഭവസമയം വിപിൻദാസിന്റെ മാതാപിതാക്കളും അനുജനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ ജനാലച്ചില്ലുകൾ തകർന്നു. കുപ്പി പൊട്ടിത്തെറിച്ച് വീടിന്റെ മുൻവശത്താകെ തീപടർന്നു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇവർ ആദ്യം വീട്ടിലേക്ക് കല്ലെറിയുകയായിരുന്നു. ജനാലയുടെ ഗ്ളാസ് തകർന്ന ശബ്ദംകേട്ട് വിപിൻദാസിന്റെ മാതാപിതാക്കൾ പുറത്തിറങ്ങി നോക്കുമ്പോൾ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. അല്പസമയത്തിനുശേഷം തിരികെയെത്തിയ സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ കെടുത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് മലയിൻകീഴ് സി.ഐ ബി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ബി.ജെ.പി - എ.ബി.വി.പി പ്രവർത്തകർ കെട്ടിയ കൊടിതോരണങ്ങൾ അഴിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ - എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടച്ചയാകാം ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അക്രമികൾക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. വിപിൻദാസിന്റെ വീടിന് സമീപത്തുള്ള സി.സി ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ഐ.ബി. സതീഷ് എം.എൽ.എ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.